Breaking NewsNEWS

രാജസ്ഥാനില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്; കമല്‍നാഥിനെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഡല്‍ഹിയിലെത്തി. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് കമല്‍നാഥ് എത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് കമല്‍നാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രശ്ന പരിഹാരത്തിന് കമല്‍നാഥിനെ കൂടി നിയോഗിച്ചേക്കുമെന്നാണ് സൂചന.

പുതിയ സാഹചര്യത്തില്‍ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. പകരം കമല്‍നാഥിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ഗെലോട്ട് വിഭാഗം നേതാക്കള്‍. 2020-ല്‍ സച്ചിന്‍ ഒരുപറ്റം എം.എല്‍.എമാരുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയില്‍നിന്നെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും എം.എല്‍.എമാര്‍ ഇനിയും തയ്യാറായിട്ടില്ല. അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അജയ് മാക്കനും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് കെ.സി. വേണുഗോപാലിനെ അദ്ദേഹം ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

 

 

Back to top button
error: