ന്യൂയോര്‍ക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻഎസ്സിയിൽ സ്ഥിരാംഗത്വത്തിനായി കണക്കാക്കേണ്ട ചില രാജ്യങ്ങളായി ഇന്ത്യയെയും ബ്രസീലിനെയും റഷ്യന്‍ വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചു.
“ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം വഴി സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയും ബ്രസീലും, പ്രത്യേകിച്ചും, പ്രധാന അന്താരാഷ്ട്ര ശക്തികളാണ്. കൗൺസിലിലെ സ്ഥിരാംഗത്വത്തിനായി അവരെ കണക്കാക്കണം” വാർത്താ ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ കൗൺസിലിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ. ഇന്ത്യയും മറ്റ് 31 രാജ്യങ്ങളും അതിന്റെ പ്രവർത്തന രീതികളിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ഈ ബോഡിയെ കൂടുതൽ പ്രാതിനിധ്യവും നിയമാനുസൃതവും ഫലപ്രദവുമാക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സമകാലിക ലോകയാഥാർത്ഥ്യങ്ങളുമായി ഐക്യരാഷ്ട്രസഭയെ ബന്ധപ്പെടുത്തുന്നതിനായി കൗൺസിലിന്റെ അടിയന്തിരവും സമഗ്രവുമായ പരിഷ്കരണം ആവശ്യമാണെന്ന് അത് ഉറപ്പിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.
അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോൾ, ഏഴ് മാസം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ശേഷം ഉക്രെയ്നിലെ റഷ്യൻ നിയന്ത്രിത പ്രദേശങ്ങളിൽ അവയെ റഷ്യന്‍ ഫെഡറേഷനോട് ചേര്‍ക്കാനായി നടക്കുന്ന ഹിതപരിശോധനയെ കുറിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവ് പറഞ്ഞു. അതേ സമയം പടിഞ്ഞാറൻ രാജ്യങ്ങള്‍ക്കെതിരെ റഷ്യന്‍ വിദേശകാര്യമന്ത്രി ആഞ്ഞടിച്ചു. ഉക്രെയ്നിലെ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപോരിജിയ പ്രവിശ്യകളിൽ റഷ്യയുടെ ഹിത പരിശോധന ചൊവ്വാഴ്ച വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധി വളരുകയാണെന്നും അന്താരാഷ്ട്ര സാഹചര്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.