LocalNEWS

‘കദളീ നിവേദ്യം,‘ കൃഷ്ണനാട്ടം കലാകാരൻ സുകുമാരന്റെ ജീവചരിത്രം നോവൽ രൂപത്തിൽ വരുന്നു

‘ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാലിനു തെക്കുഭാഗത്തുള്ള ഇന്നത്തെ പാർക്കിംഗ് ഗ്രൗണ്ട് അന്ന് മണൽ നിറഞ്ഞ പാടമായിരുന്നു. ആ മണൽപ്പരപ്പിൽ സുന്ദരൻ മെമ്മോറിയൽ ട്രോഫിക്കായുള്ള ഫുട്ബോൾ കളി നടക്കുന്നു. ശ്രീകൃഷ്ണ ഭജന സമിതിയുടെ ടീം പൊരുതിക്കളിച്ചിട്ടും ഒരു ഗോളിന് പുറകിൽ. കളി കഴിയാൻ അധികം നേരമില്ല. സുകുമാരൻ പരിഭ്രാന്തനായി. ഏതു വിധേനെയെങ്കിലും ജയിക്കണം. ആ പരിഭ്രമം കളി കാണാൻ എത്തിയിരുന്ന ക്ഷേത്രം മാനേജർക്ക് മനസ്സിലായി. അദ്ദേഹം പറഞ്ഞു:

“സുകുമാരാ..ഒരു കാര്യം ചെയ്തോ. നാളെ ഗുരുവായൂരപ്പന് രണ്ടു കദളിപ്പഴം കൊടുത്തോ, കളി ജയിക്കും…”

Signature-ad

അതു കൊടുക്കാമെന്നു ചിന്തിച്ചപ്പോൾ സുകുമാരന്റെ ടീം ആദ്യഗോളടിച്ചു. പിന്നെ ലീഡ് നിലനിന്നു. വിജയവും. നേടി. പിറ്റേന്നാൾ ഭഗവാന് കദളിപ്പഴം നൽകി . പിന്നെ അത് മറന്നു. കാലം മുന്നോട്ടു പോയപ്പോൾ സുകുമാരന്റെ ജീവിതപടയോട്ടത്തിൽ ഉപരോധവും പ്രതിരോധവും തീർക്കാൻ പാടുപെട്ടു. ജീവിതത്തിൽ കൃഷ്ണനാട്ടമൊഴികെ മറ്റൊന്നും പഠിച്ചിട്ടില്ലാത്ത സുകുമാരൻ തളർന്നു നിന്ന ദിവസം ആ ഫുട്ബോൾ കളിക്കായുള്ള കദളീനിവേദ്യത്തെ ഓർത്തു. പിന്നെ താമസിച്ചില്ല. രുദ്രതീർത്ഥത്തിൽ കുളിച്ച് ഭാഗവാന് കദളിപ്പഴം നൽകി. പിറ്റേന്നാളും നൽകി. ക്രമേണ അത് ജീവിതരീതിയായി.

ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരന്റെ ജീവചരിത്രം ജീവചരിത്ര നോവലായി പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകൻ ജയപ്രകാശ് കേശവനാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. ‘കദളീനിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം തൃശൂർ കറന്റ്‌ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. കദളീനിവേദ്യം തയ്യാറായി. കവർ ഒരുങ്ങി, അച്ചടി നടക്കുന്നു. ഉടനെ പുറത്തിറങ്ങും.

പുസ്തകത്തിന്റെ കവർ ചിത്രം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ നിർവ്വഹിച്ചു.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരൻ ജയപ്രകാശ് കേശവൻ, തൃശൂർ കറന്റ് ബുക്സ് പബ്ലീഷിങ്ങ് മാനേജർ കെ.ജെ ജോണി, കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരൻ, സംവിധായകൻ ദേവരാജൻ, കേന്ദ്ര സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി സെക്രട്ടറി ടി കൃഷ്ണദാസ്, മാടമ്പ് കുഞ്ഞുകുട്ടൻ തുടങ്ങി ഒട്ടേറെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.

Back to top button
error: