ഇന്ന് ലോകശ്വാസകോശ ദിനം: എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ലേ ? പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍
ഇന്ന് സെപ്തംബര്‍ 25 ലോക ശ്വാസകോശ ദിനം. ശ്വാസകോശം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. അതില്‍ പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും.
പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ ഏകദേശം ഏഴ് ദശലക്ഷത്തോളം പേര്‍ പുകയിലയുടെ നേരിട്ടുള്ള ഉപയോഗം മൂലവും 1.2 ദശലക്ഷം പേര്‍ നേരിട്ടല്ലാത്ത ഉപയോഗം വഴിയുമാണ് മരിക്കുന്നത്. പുകവലി വര്‍ദ്ധിച്ചതോടെ ശ്വാസകോശ അര്‍ബുദത്തിന്റെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവെന്നും പഠനങ്ങള്‍ പറയുന്നു.
ശ്വാസകോശ അര്‍ബുദം വികസിപ്പിക്കുന്നതിന് 94 ശതമാനവും പുകവലി കാരണമാകുന്നു. പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദ സാധ്യത പുകവലിക്കാത്തവരേക്കാള്‍ 24 മുതല്‍ 36 മടങ്ങ് വരെ കൂടുതലാണ്.
എത്ര ശ്രമിച്ചിട്ടും പുകവലി നിര്‍ത്താന്‍ കഴിയുന്നില്ല എന്ന് പറയുന്നവര്‍ക്കായി പുകവലി കുറയ്ക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍…
- പുകവലിക്കാന്‍ തുടങ്ങിയതിന്റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരാക്കാന്‍ കഴിയുന്ന കാരണമായിരിക്കും . ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം കൂടും.
- പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം. എന്നാല്‍ മാത്രമേ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്റെ വേഗതയെ കൂട്ടുന്നത്.
- അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.
- പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.
- മിക്കവരും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റു വഴികള്‍ തേടുന്നത് നല്ലതാണ്. യോഗ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
- പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വഴി എന്താണെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.
- പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ വഴികളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
ശ്രദ്ധിക്കുക: പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്പോള്‍ നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാം. ദേഷ്യം, ഉത്കണ്ഠ, തലവേദന, ഉറക്കമില്ലായ്മ, ചുമ, ക്ഷീണം, വിഷാദം തുടങ്ങിയവ ഉണ്ടാകാം. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ് എന്നോര്‍ക്കുക. പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും ഉണ്ട്. ഇതിനായി ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാം.