CrimeNEWS

മൃതദേഹത്തില്‍ മുറിവ്: സംസ്‌കാരത്തിന് വിസമ്മതിച്ച് അങ്കിതയുടെ കുടുംബം

ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റിന്റെ സംസ്‌കാര ചടങ്ങ് നടത്താന്‍ വിസമ്മതിച്ച് കുടുംബം. റിസോര്‍ട്ട് പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെയും പെണ്‍കുട്ടിയുടെ കുടുംബം ചോദ്യം ചെയ്തു. മുന്‍ മന്ത്രിയുടെ മകന്‍ ഒന്നാം പ്രതിയായ കേസില്‍ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ശ്വാസനാളത്തില്‍ വെള്ളംകയറിയാണ് മരണമെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഹരിദ്വാര്‍ ഭോഗ്പുരിലെ റിസോര്‍ട്ടില്‍നിന്ന് കഴിഞ്ഞ 18 നു കാണാതായ അങ്കിത ഭണ്ഡാരിയുടെ (19) മൃതദേഹം കഴിഞ്ഞ ദിവസമാണ് സമീപത്തെ കനാലിനടുത്തുനിന്ന് കണ്ടെടുത്തത്. അതിഥികള്‍ക്കും തനിക്കും ലൈംഗീകമായി വഴങ്ങാത്തിനാല്‍ യുവതിയെ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം റിസോര്‍ട്ട് ഇടിച്ചു നിരത്തിയിരുന്നു. നാട്ടുകാര്‍ നേരത്തേതന്നെ റിസോര്‍ട്ട് അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു.

ബി.ജെ.പി. നേതാവ് വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. പുല്‍കിതിനു പുറമേ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ആര്യ, പുല്‍കിതിന്റെ ജ്യേഷ്ഠനും ബി.ജെ.പി യുവ നേതാവുമായ അങ്കിത് ആര്യ എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

 

Back to top button
error: