NEWSWorld

ഷീ ജിന്‍ പിങ് വീട്ടുതടങ്കലിലോ? ചൈനയില്‍ അട്ടിമറിയെന്ന് അഭ്യൂഹം

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക സമ്മേളനം ഒക്ടോബര്‍ 16-ന് നടക്കാനിരിക്കെ പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം. ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രചാരണം അര്‍ഥശൂന്യമാണെന്ന് നിരീക്ഷകരും അഭിപ്രായപ്പെട്ടു. ചൈനയിലെയോ അന്താരാഷ്ട്രതലത്തിലെയോ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അട്ടിമറി വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല.

‘ന്യൂ ഹൈലാന്‍ഡ് വിഷന്‍’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം ശ്രദ്ധനേടിയത്. ഇതില്‍ പറയുന്നതനുസരിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.

Signature-ad

ചൈനീസ് വംശജരായ വാന്‍ജുന്‍ ഷീ, ജെനിഫര്‍ ജെങ് തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബെയ്ജിങ്ങിലേക്ക് നീങ്ങുന്ന സൈനികവ്യൂഹം എന്ന വിശദീകരണത്തോടെ വീഡിയോ പങ്കുവച്ചു. ഇതോടെ ട്വിറ്ററില്‍ ഷിജിന്‍പിങ്, ചൈനീസ് കൂ തുടങ്ങിയ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങായി. ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയെപ്പോലുള്ള പ്രമുഖര്‍ നിജസ്ഥിതി അറിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ട്വീറ്റുചെയ്തു.

ഷി ജിന്‍പിങ് ഉന്നതതല സൈനിക സെമിനാറില്‍ പങ്കെടുത്തില്ല, സൈനിക വിമാനങ്ങള്‍ക്ക് യഥേഷ്ടം പറക്കാന്‍ യാത്രാ വിമാനങ്ങള്‍ റദ്ദാക്കി, പി.എല്‍.എ. ജനറല്‍ ക്വിയോമിങ് പുതിയ പ്രസിഡന്റ് എന്നിങ്ങനെ അട്ടിമറി വാര്‍ത്തയെ പിന്തുണയ്ക്കുന്ന ഒട്ടേറെ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാര്‍ത്ത നിഷേധിക്കുന്നവര്‍ പറയുന്നു. അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ ഷി വിമര്‍ശകരായ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷ ലഭിച്ചു. നാലു ഉന്നതോദ്യോഗസ്ഥര്‍ ജയിലിലായി. പാര്‍ട്ടി കോണ്‍ഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഇതൊക്കെയാണ് അട്ടിമറി വാര്‍ത്ത തള്ളുന്നവരുടെ വിശദീകരണങ്ങള്‍.

Back to top button
error: