CrimeNEWS

അഭിഭാഷകയുടെ ഡയറിക്കുറിപ്പ്, കൊടിയ പീഡനങ്ങൾക്കൊടുവിൽ ഒരു മുഴം കയറിൽ ജീവനൊടുക്കിയ ഐശ്വര്യ നേരിട്ടത് ഞെട്ടിക്കുന്ന അനുഭവങ്ങൾ

‘എന്റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ… ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എന്റെ സന്തോഷം, മനഃസമാധാനം, ജീവിതം എല്ലാം നശിപ്പിച്ചു”

കൊല്ലം ചടയമംഗലത്ത് ജീവനൊടുക്കിയ യുവ അഭിഭാഷക ഐശ്വര്യ(26) സ്വന്തം ഡയറിയിൽ കുറിച്ചിട്ട വാക്കുകളാണിത്.

Signature-ad

റേഷന്‍കടയില്‍ നിന്ന് സാധനങ്ങൾ വാങ്ങുന്ന സഞ്ചി കീറിയതിന്, മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ കിടന്നതിന്, ബന്ധുവീട്ടില്‍നിന്ന് കപ്പകഴിച്ചതിന്… നിസാര കാരണങ്ങളുടെ പേരിൽ പോലും ഭർത്താവ് കണ്ണന്‍ ഐശ്വര്യയെ നിർദ്ദയം ഉപദ്രവിച്ചിരുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നതു പോലും കണ്ണന്‍ എതിര്‍ത്തിരുന്നു എന്ന് ഐശ്വര്യയുടെ അമ്മ ഷീല പറയുന്നു.

എൽ.എൽ.എം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന ഐശ്വര്യ ഉണ്ണിത്താനെ ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച ശേഷമാണ് ഭർത്താവ് കണ്ണൻ നായരെ (28) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു വർഷം മുൻപ് ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. ആവശ്യപ്പെട്ട സ്ത്രീധനവും മറ്റും നൽകിയിരുന്നതായി സഹോദരൻ അതുൽ പറയുന്നു. പക്ഷേ തുടക്കം മുതലേ ഐശ്വര്യയ്ക്ക് ഭർതൃഗൃഹത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെട്ടു. ചെറിയ ചെറിയ കാരണങ്ങൾ പറഞ്ഞ് കണ്ണൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഒടുവിൽ സഹികെട്ട് ഐശ്വര്യ പല തവണ സ്വന്തം വീട്ടിൽ പോയി. ആറു മാസത്തോളം ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞു. പിന്നീട് കൗൺസലിങ്ങിനു ശേഷം വീണ്ടും ഒരുമിച്ചു താമസിക്കുകയായിരുന്നു.

കുട്ടി പിറന്നതിനു ശേഷമെങ്കിലും പ്രശ്നങ്ങൾ തീരുമെന്നു കരുതിയെങ്കിലും വീണ്ടും നിരന്തരം പീഡനം തുടർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച മുൻപ് മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം സഹോദരൻ അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തി. കുട്ടിയുടെ ചിത്രം എടുക്കാൻ ശ്രമിക്കവേ കണ്ണൻ നായർ ആക്രോശിച്ചു കൊണ്ട് തടഞ്ഞു എന്ന് അതുൽ ‍ ആരോപിച്ചു.

കണ്ണൻ നായർ എൽഎൽബി പഠനം പൂർത്തിയാക്കിയിരുന്നില്ല. ചടയമംഗലത്ത് ശ്രീരംഗത്ത് അച്ഛൻ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള തടി മില്ലിന്റെ ചുമതല വഹിക്കുകയായിരുന്നു അയാൾ.

പണത്തിന് വേണ്ടിയുള്ള അത്യാര്‍ത്തിയായിരുന്നു സഹോദരീ ഭർത്താവായ കണ്ണനെന്ന് ഐശ്വര്യയുടെ സഹോദരന്‍ അതുല്‍ ആരോപിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍പോലും ഐശ്വര്യയെ അനുവദിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട തന്നെയും കണ്ണന്‍ മര്‍ദ്ദിച്ചെന്നും അതുൽ പറഞ്ഞു.

ഐശ്വര്യ എഴുതിയ മൂന്നു ഡയറി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണൻ നായരുടെ പേരിലുള്ള കുറ്റം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: