NEWS

ഇന്നാണ് ആ സുദിനം; ഓണം ബംബർ 25 കോടി ആർക്ക്?

തിരുവനന്തപുരം: ഓണം ബംബർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.തിരുവനന്തപുരത്തെ ഖോർഖി ഭവനിലാണ് നറുക്കെടുപ്പ്.

രാജ്യത്ത് തന്നെ ഏറ്റവും വലിയ ഒന്നാം സമ്മാന തുകയയുമായാണ് ഇത്തവണ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംബർ പുറത്തിറങ്ങിയത്. 500 രൂപയുടെ ഓണം ബംബർ ടിക്കറ്റിൽ 25 കോടിയാണ് ഒന്നാം സമ്മാനം. 10 സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം പത്ത് പേർക്ക് ലഭ്യമാകും. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. മൊത്തം 126 കോടി രൂപയുടെ സമ്മാനമാണ് ഇങ്ങനെ നൽകുന്നത്.
ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്.ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റുതീരുമെന്നാണു ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്.
25  കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക.10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ചുള്ള തുകയാണിത്.ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക.
സെസും സര്‍ചാര്‍ജും

30 ശതമാനം നികുതിയ്ക്ക് പുറമെ നികുതി അടയ്ക്കുന്ന പണത്തിന്റെ മൂന്ന് ശതമാനം എല്ലാവരില്‍ നിന്നും സെസ് ആയും ഈടാക്കും. ഇതിന് പുറമെ നിങ്ങളുടെ വാര്‍ഷിക വരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജ്ജായി ഈടാക്കും. വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടത് 15 ശതമാനം തുകയാണ്.
ലോട്ടറികള്‍, ഗെയിം ഷോകള്‍, മത്സരങ്ങള്‍, കുതിരപ്പന്തയം പോലുള്ളവയില്‍ നിന്ന് കിട്ടുന്ന വരുമാനം തുടങ്ങിയവയൊക്കെ ആദായ നികുതി നിയമം 115ബിബി സെക്ഷന്‍ അനുസരിച്ച് ‘മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാന’മായാണ് കണക്കാക്കപ്പെടുന്നത്. നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 30 ശതമാനം എന്ന നിരക്കില്‍ ആദായ നികുതി നല്‍കണം. ഇതിന് പുറമെയാണ് സെസും സര്‍ചാര്‍ജ്ജും നല്‍കേണ്ടി വരിക.
നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് 35.5 ശതമാനത്തോളം വരെ നികുതി അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.

Back to top button
error: