IndiaNEWS

ഗുലാംനബി ആസാദിന് വധഭീഷണി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ആഹ്വാനം ചെയ്ത മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുമ്പായി നിരവധി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച ഗുലാം നബി ആസാദ്, തീവ്രവാദം കശ്മീരിലെ ജനങ്ങള്‍ക്കു നാശവും ദുരിതവും മാത്രമേ സമ്മാനിക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരസംഘടന ആസാദിനെതിരേ വധഭീഷണി മുഴക്കിയത്.

ആസാദ് വഞ്ചകനാണെന്നും ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. വധഭീഷണി ശ്രദ്ധയില്‍ പെട്ടെന്നും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടു തന്നെ പോകുമെന്നും ആസാദ് പറഞ്ഞു.

തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ നടന്ന പൊതുയോഗത്തിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതരേ ആസാദ് തുറന്നടിച്ചത്. ”തോക്കെടുത്തവരോട് എന്റെ അഭ്യര്‍ഥനയിതാണ്. നിങ്ങള്‍ പിടിച്ചിരിക്കുന്ന തോക്കുകള്‍ ഒരു തരത്തിലും പരിഹാരമല്ല. തോക്ക് നാശവും ദുരിതവും മാത്രമേ വരുത്തുകയുള്ളു. കൂടുതല്‍ യുവാക്കളുടെ മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നില്ല. തീവ്രവാദം കൊണ്ടു സ്വയം നശിച്ച ഒരു രാജ്യം നമ്മുടെ രാജ്യത്തെയും കൂടി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.” – ആസാദ് പറഞ്ഞു.

 

Back to top button
error: