Breaking NewsNEWS

ജോലി വെടിപ്പായില്ല; എസ്.ഐയെയും കൂട്ടരെയും ലോക്കപ്പിലടച്ച് എസ്.പി.

പട്‌ന: ജോലി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് ഉന്നതന്‍ കീഴുദ്യോഗസ്ഥരെ ലോക്കപ്പില്‍ അടച്ചതായി ആരോപണം. ബിഹാറിലെ നവാഡ ജില്ലയിലാണ്
സംഭവം. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിഷേധിച്ചുവെങ്കിലും സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. എസ്.പി. ഗൗരവ് മംഗ്ലയാണ്, സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള കീഴുദ്യോഗസ്്ഥരെ പിടിച്ച് അകത്തിട്ടത്.

നവാഡ നഗര്‍ സ്‌റ്റേഷനിലെ എസ്.ഐമാരായ ശത്രുഘ്‌നന്‍ പാസ്വാന്‍, രാംരേഖ സിങ്, എ.എസ്.ഐ. സന്തോഷ് പാസ്വാന്‍, സഞ്ജയ് സിങ്, രാമേശ്വര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം ലോക്കപ്പില്‍ കിടിക്കാന്‍ സൗഭാഗ്യമുണ്ടായത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം, അര്‍ദ്ധരാത്രിയോടെ ഇവരെ പുറത്തുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി.

എന്നാല്‍, അത്തരത്തില്‍ ഒരു സംഭവും നടന്നിട്ടില്ലെന്ന് എസ്.പി. മംഗ്ല പറയുന്നു. സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ സിങ്ങും ഇത് ശരിവെക്കുന്നു. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ വെട്ടിലായിരിക്കുകയാണ്.

സംഭവദിവസം രാത്രി ഒമ്പത് മണിയോടു കൂടി എസ്.പി, പോലീസ് സ്റ്റേഷനിലെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച വന്നതായി കണ്ടെത്തി. തുടര്‍ന്ന് ദേഷ്യപ്പെടുകയും ഇവരെ ലോക്കപ്പില്‍ അടക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്് ഏതു തരത്തിലുള്ള വീഴ്ചയാണുണ്ടായതെന്നു വ്യക്തമല്ല.

 

 

 

Back to top button
error: