റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കാലമായി അടയ്ക്കാതെ കിടക്കുന്ന പിഴകള്‍ക്ക് ഇപ്പോള്‍ പ്രത്യേക ലഭിക്കുമെന്ന് ഞായറാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് അറിയിച്ചത്.
ഗതാഗത നിയമ ലംഘനങ്ങളുടെ പിഴകള്‍ അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ട്രാഫിക് ആന്റ് ലൈസന്‍സിങ് സെന്ററുകള്‍ നേരിട്ടെത്തി ഇളവുകള്‍ നേടാമെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു. പൊലീസ് നിശ്ചയിക്കുന്ന നിശ്ചിത മാനദണ്ഡങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പിഴത്തുകയില്‍ പുതിയ പദ്ധതി പ്രകാരമുള്ള ഇളവ് അനുവദിക്കുക.
എമിറേറ്റിലെ ജനങ്ങളുടെ സന്തോഷവും സുരക്ഷയും ജീവിത നിലവാരവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കാനും റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കാനുമായി വിവിധ പദ്ധതികള്‍ തങ്ങള്‍ ആസൂത്രണം ചെയ്‍തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.