LIFEReligion

മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ ശുശ്രൂഷ നാളെ

മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ അറിയപ്പെടുന്ന റാസയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു അംശവസ്ത്രധാരികളായ വൈദികര്‍ പള്ളിയില്‍നിന്ന് പറുപ്പെടും. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോടെപള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തും.

ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നട അടയ്ക്കും. ഏഴിന് ഉച്ചകഴിഞ്ഞ് 1.30നു പന്തിരുനാഴി ഘോഷയാത്ര. രാത്രി 9.30ന് വെടിക്കെട്ട്. പെരുന്നാളിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ‘കറിനേര്‍ച്ച’ (പാച്ചോര്‍ നേര്‍ച്ച) ഏഴിനു ഉച്ചമുതല്‍ തയാറാക്കാന്‍ തുടങ്ങുകയും അന്നേദിവസം രാത്രിയില്‍ നടക്കുന്ന റാസയ്ക്കുശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും.

Back to top button
error: