ഉയർന്ന രക്തസമ്മർദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ പിടിപെടാം. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം…
- ഉപ്പ് കൂടുതലായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കണം.
- പതിവായി വ്യായാമം ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പതിവ് വ്യായാമം ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളുടെ മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
- പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇലക്കറികൾ, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട്, പാൽ, തൈര് എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
- പുകയിലയും മദ്യവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.
- മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല, ഉയർന്ന ബിപിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്ത്രീകൾ ഒരു ദിവസം 6 ടീസ്പൂൺ പഞ്ചസാരയിൽ കൂടുതൽ കഴിക്കരുത്, പുരുഷന്മാർക്ക് 9 ടീസ്പൂൺ പഞ്ചസാരയിൽ കൂടുതൽ കഴിക്കാരുതെന്നും ഹാർട്ട് ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നു.
- കഫീന് രക്തസമ്മർദ്ദം ഉയർത്താൻ കഴിയും. ഇത് വളരെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഇല്ലെങ്കിൽപ്പോലും കഫീൻ രക്തസമ്മർദ്ദത്തിൽ വർദ്ധനവിന് കാരണമാകും. കഫീനോടുള്ള രക്തസമ്മർദ്ദ പ്രതികരണം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്.