റാഞ്ചി: ഝാര്‍ഖണ്ഡിലെ ദിയോഘര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അതിക്രമിച്ചു കയറുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തില്‍ ബി.ജെ.പി. എം.പിമാരുള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തു. ബി.ജെ.പി. എം.പിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി, ദുബെയുടെ രണ്ട് ആണ്‍ മക്കള്‍, വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ കയറി, ചാര്‍ട്ടേര്‍ഡ് വിമാനത്തിന് രാത്രിയില്‍ പറന്നുയരുന്നതിനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഓഗസ്റ്റ് 31-നാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ദിയോഘര്‍ വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആയിട്ടില്ല. സൂര്യാസ്തമയത്തിന് അര മണിക്കൂര്‍ മുമ്പുവരെ വിമാന സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ അനുമതിയുള്ളത്. സംഭവദിവസം വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശത്തെ സൂര്യാസ്തമയം വൈകിട്ട് 6.03 നായിരുന്നു. ഇതനുസരിച്ച് 5.30 വരെയാണ് വിമാന സര്‍വീസുകള്‍ നടത്താനാകുക.
വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പരാതിയില്‍ ഈ മാസം ഒന്നിനാണ് ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കുന്ദ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന മുഖമാണ് വിമാനത്താവള അതിക്രമം സംബന്ധിച്ച് ആരോപണ വിധേയനായിട്ടുള്ള നിഷികാന്ത് ദുബെ എന്നതാണ് പ്രധാനം. ആരോപണങ്ങള്‍ ഇതുവരെ ദുബെ നിഷേധിച്ചിട്ടില്ല. സംഭവത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഎംഎം നേതൃത്വം വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.