കുറ്റിപ്പുറം: ആത്മീയ ചികിത്സയുടെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊണ്ടോട്ടി മണക്കടവില്‍ പള്ളിയാലില്‍ മന്‍സൂര്‍ അലി എന്ന മാനു (42), വെന്നിയൂര്‍ തെയ്യാല ചക്കാലിപ്പറമ്പില്‍ അബ്ദുല്‍ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കുറച്ച് നാൾ മുമ്പ് കുറ്റിപ്പുറത്ത് പിടിയിലായ മൊത്തക്കച്ചവടക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങി ചില്ലറവില്‍പന നടത്തുന്നവരാണ് ഇവര്‍. മൊത്തക്കച്ചവടക്കാര്‍ക്ക് പണം നൽകി സഹായിക്കുന്നവരെക്കുറിച്ച് ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ട് പ്രതികള്‍ പിടിയിലായത്.
കൊണ്ടോട്ടിക്കാരനായ ഉസ്താദ് എന്ന മാനുവിന്‍റെ ആത്മീയ ചികിത്സയില്‍ സഹായിയാണ് അബ്ദുല്‍ ജലീല്‍. അന്തര്‍സംസ്ഥാനങ്ങളിലും ആത്മീയ ചികിത്സ നടത്താറുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കുറ്റിപ്പുറം തൃക്കണാപുരത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് ആഗസ്റ്റ് 19ന് 21 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായത്. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ പാമ്പക്കല്‍ സുമേഷ് മോഹന്‍, വെള്ളാരംകല്ലില്‍ ഷൈജന്‍ അഗസ്റ്റിന്‍, കണ്ണൂര്‍ കതിരൂര്‍ സ്വദേശി ന്യൂ സഫറ ഫ്രാഞ്ചീര്‍ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറിന്‍റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി 11 പാക്കറ്റുകളായി ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് കണ്ടെടുത്തത്.