മണര്‍കാട്: കര്‍ത്താവിന്റെ കാരുണ്യങ്ങളുടെ നിക്ഷേപമാണ് ദൈവമാതാവെന്നും പരിശുദ്ധ കന്യകമറിയാമിന്റെ ഉദാത്തമായ മാതൃകകളെ ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്നും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ്. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുധാര്‍മ്മികതയില്‍ ഏറ്റവും ശ്രേഷ്ഠമായ മാതൃകകളെ പിന്‍പറ്റുവാന്‍ വിശ്വാസ ജീവിതത്തില്‍ സാധിക്കണം. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പ്രവൃത്തിയിടങ്ങളിലും തിന്മകളില്‍നിന്ന് അകന്നുള്ള നന്മയുടെ മാതൃകകളെ സൃഷ്ടിക്കുവാനും ദൈവമഹത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാനും സാധിക്കണം. മാതാവിന്റെ ജീവിതത്തില്‍ കഷ്ടങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോള്‍ അവള്‍ പരാചയപ്പെട്ടില്ല. ആ മാതൃക വിശ്വാസ സമൂഹം പിന്‍തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയായി നെയ്യപ്പം വിതരണം ചെയ്തു. വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2023-ലെ കലണ്ടര്‍ സേവകാസംഘം പ്രസിഡന്റ് ഫാ. ജെ. മാത്യൂസ് മണവത്തിന് നല്‍കി തോമസ് മോര്‍ തീമോത്തിയോസ് പ്രകാശനം ചെയ്തു. കൗമ്മാ റമ്പാന്‍, ഫാ. എല്‍ദോ ഏലിയാസ് വേങ്കടത്ത്, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ ധ്യാനപ്രസംഗം നടത്തി.
നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെ രേഖയുടെ കോപ്പി കത്തീഡ്രലിന്റെ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 9072372700 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയ്ക്കാവുന്നതും വിശ്വാസികള്‍ക്ക് അവരുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ അതോടൊപ്പം എഴുതി അറിയിക്കാവുന്നതുമാണ്. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ 14-ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. പള്ളിയില്‍ എട്ടുനോമ്പിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും 7 വരെ വടക്കുവശത്തെ പാരീഷ് ഹാളില്‍ സൗജന്യമായി നേര്‍ച്ചക്കഞ്ഞി നല്‍കുന്നതാണെന്നും ട്രസ്റ്റിമാരായ മാത്യു എം.പി, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ അറിയിച്ചു.
പെരുന്നാള്‍ ശുശ്രൂഷകള്‍ തല്‍സമയം
facebook page: https://m.facebook.com/manarcadpallyofficial/
mobile app: manarcad pally official
Youtube channel: https://www.youtube.com/c/manarcadstmarys
Website : manarcadstmaryschurch.org
കത്തീഡ്രലില്‍ നാളെ(2-09-2022)
കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബ്ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌ക്കാരം, 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന – ഇടുക്കി ഭദ്രാസാധിപനും തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ് പ്രധാന കാര്‍മ്മികത്വം വഹിക്കും. 11ന് പ്രസംഗം -സഖറിയാസ് മോര്‍ പീലക്‌സീനോസ്. 12ന് ഉച്ച നമസ്‌ക്കാരം, 2.30ന് പ്രസംഗം ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, 5ന് സന്ധ്യാ നമസ്‌ക്കാരം, 06.30ന് ധ്യാനം-സഖറിയാസ് മോര്‍ പീലക്‌സീനോസ്.