മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയില്‍നിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ടു. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കത്തീഡ്രലില്‍ എത്തിച്ചു.
ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും താഴത്തെ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. തുടര്‍ന്ന് വയോജനസംഘത്തിലെ മുതിര്‍ന്ന അംഗം കൊടികെട്ടി.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചു. കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ. മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കത്തീഡ്രലിന്റെ പടിഞ്ഞാറുവശത്തുള്ള കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി.