LIFEReligion

മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും

കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് കൊടിയേറും. കത്തീഡ്രലില്‍ ഇന്നലെ വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ഥനയോടെ നോമ്പ് ആചരണത്തിന് തുടക്കമായി. കരോട്ടെ പള്ളിയില്‍ ഇന്ന് രാവിലെ 6ന് കുര്‍ബാന ഉണ്ടായിരിക്കും. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌കാരവും 8.30ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും.

പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന്‍ സേവകസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം ചെയ്യും. സെന്റ് മേരീസ് സ്‌കൂള്‍ രജതജൂബിലി ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വനിതാസമാജം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴിക്കാന്‍ എംപിയും മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിക്കും. ചലച്ചിത്രകാരന്‍ ബേസില്‍ ജോസഫ് വീഡിയോ പ്രകാശനം ചെയ്യും. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് എല്‍ദോസ് പോളിനെ അനുമോദിക്കും.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ആറിനു നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടിനു വൈദികര്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നട അടയ്ക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും

വിശ്വാസികള്‍ക്ക് പെരുന്നാള്‍ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തല്‍സമയം കാണുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

Back to top button
error: