LIFEReligion

ഇനി വ്രതശുദ്ധിയുടെ എട്ടുനാളുകള്‍; മണർകാട് പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന് ഇന്നലെ സന്ധ്യാപ്രാര്‍ഥനയോടെ തുടക്കമായി. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ താമസിച്ച് നോമ്പെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ചൊല്ലിയും ധ്യാനത്തിലൂടെയും വേദവായനയിലൂടെയും ഇവര്‍ എട്ട് ദിവസവും കത്തീഡ്രലില്‍ കഴിയും. കത്തീഡ്രലില്‍ നടന്ന സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് പൂര്‍വീക ആചാരപ്രകാരം വൈദീകരുടെയും കത്തീഡ്രല്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ കല്‍ക്കുരിശിങ്കല്‍ ചുറ്റുവിളക്ക് കത്തിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, കത്തീഡ്രല്‍ സഹവികാരിമാരായ കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ഫാ. ജെ. മാത്യൂ മണവത്ത് എന്നിവര്‍ ചേര്‍ന്ന് ചുറ്റുവിളക്കില്‍ ആദ്യം തിരിതെളിയിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ട്രസ്റ്റിമാരും സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചുറ്റുവിളിക്ക് തെളിയിച്ചു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി കത്തീഡ്രലില്‍നിന്ന് പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്ന് നിലം തൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്ന് ചെത്തിമിനുക്കി ഒരുക്കിയ ശേഷം കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ച് വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും.

Signature-ad

ലൈറ്റ് ആന്‍ഡ് ഇലുമിനേഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കോട്ടയം എ.ഡി.എം: ജിനു പുന്നൂസും പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി: എന്‍. ബാബുക്കുട്ടനും അഭയം ചാരിറ്റബള്‍ സൊസൈറ്റിയുടെ കൗണ്ടറിന്റെ ഉദ്ഘാടനം സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സലും നിര്‍വഹിച്ചു. നേര്‍ച്ച കഞ്ഞി, ക്യാന്റീന്‍, എണ്ണ- തിരി കൗണ്ടര്‍, മുത്തുക്കുട കൗണ്ടര്‍, കുര്‍ബാനപ്പണം കൗണ്ടര്‍, ബുക്ക് സ്‌റ്റോള്‍ എന്നിവ വൈദീകരുടെ നേതൃത്വത്തില്‍ പ്രാര്‍ഥിച്ച് ആശീര്‍വദിച്ചശേഷം പ്രവര്‍ത്തനം ആരംഭിച്ചു. റവന്യു, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വിവിധ കൗണ്ടറുകളുടെയും പ്രവര്‍ത്തനമാരംഭിച്ചു. കത്തീഡ്രൽ വികാരി ഈ റ്റി കുറിയാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയേടത്ത്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, കത്തീഡ്രല്‍ സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ മാത്യു എം.പി, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി, പഞ്ചായത്ത് പ്രസിഡന്റ് ബിജു മര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.

നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി എന്നിവ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെ രേഖയുടെ കോപ്പി കത്തീഡ്രലിന്റെ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 9072372700 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയ്ക്കാവുന്നതും വിശ്വാസികള്‍ക്ക് അവരുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ അതോടൊപ്പം എഴുതി അറിയിക്കാവുന്നതുമാണ്. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ സെപ്റ്റംബര്‍ 14-ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. പള്ളിയില്‍ എട്ടുനോമ്പിനായി എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ വടക്കുവശത്തെ പാരീഷ് ഹാളില്‍ സൗജന്യമായി നേര്‍ച്ചക്കഞ്ഞി നല്‍കുന്നതാണ്.

പെരുന്നാള്‍ ശുശ്രൂഷകള്‍ തല്‍സമയം

facebook page: https://m.facebook.com/manarcadpallyofficial/
mobile app: manarcad pally official
Youtube channel: https://www.youtube.com/c/manarcadstmarys
Website : manarcadstmaryschurch.org

മണർകാട് ഇന്ന്

കരോട്ടെ പള്ളിയില്‍ രാവിലെ 6ന് കുര്‍ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത നമസ്‌ക്കാരം. 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന- എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഇടവക മെത്രാപ്പോലിത്തായുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍. 11ന് പ്രസംഗം – കൗമ്മാ റമ്പാന്‍. 12ന് ഉച്ച നമസ്‌ക്കാരം. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെ പ്രസംഗം – ഫാ. എല്‍ദോ ഏലിയാസ് വേങ്കടത്ത്. 4.30ന് കൊടിമരം ഉയര്‍ത്തല്‍. 5ന് സന്ധ്യാ നമസ്‌ക്കാരം. 06.30 മുതല്‍ 8 വരെ ധ്യാനം – ഫാ. ഷെറി ഐസക് പൈലിത്താനം.

Back to top button
error: