LIFEReligion

മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം; സാംസ്‌കാരിക സമ്മേളനം 4ന്, വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ റാസ 6ന്, ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ 7ന്

കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനു ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ വിശ്വാസികള്‍ നോമ്പാചരണത്തിലേക്കു കടക്കും. പെരുന്നാളിന് ആരംഭംകുറിച്ചുകൊണ്ടുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രദക്ഷിണവും നേര്‍ച്ച വിളമ്പോടെയും പെരുന്നാള്‍ സമാപിക്കും.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്രയ്ക്കായി പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തും. നാളെ മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കും. നാളെ മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്നു മുതല്‍ മൂന്നു വരെയും അഞ്ചിനും വൈകുന്നേരം 6.30ന് ധ്യാനം. നാലിനു വൈകുന്നേരം 6.30നു പൊതുസമ്മേളനം. നാളെ മുതല്‍ എട്ടു വരെ കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാതനമസ്‌ക്കാരവും 8.30ന് മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

നാളെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസ്, രണ്ടിനു സഖറിയാസ് മോര്‍ പീലക്സിനോസ്, മൂന്നിനു കുര്യാക്കോസ് മോര്‍ ക്ലിമ്മീസ്, നാലിനു കരോട്ടെ പള്ളിയില്‍ ജറുസലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്, കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, അഞ്ചിനു കുര്യാക്കോസ് മോര്‍ ഈവാനിയോസ് എന്നിവര്‍ കുര്‍ബാനയ്ക്കു പ്രധാനകാര്‍മികത്വം വഹിക്കും.

ആറിനു അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മോര്‍ ഒസ്താത്തിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഏഴിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും നടതുറക്കല്‍ ശുശ്രൂഷയ്ക്കും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വവും മാത്യൂസ് മോര്‍ അപ്രേം സഹകാര്‍മികത്വവും വഹിക്കും. രാത്രി എട്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാനപെരുന്നാള്‍ ദിനമായ എട്ടിനു കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ് കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കരോട്ടെപള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. മൂന്നിനു നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

ഒമ്പതിന് രാവിലെ ഏഴിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് മാത്യൂസ് മോര്‍ തേവോദോസിയോസ്, 10ന് ഏലിയാസ് മോര്‍ യൂലിയോസ്, 11ന് കരോട്ടെ പള്ളിയില്‍ രാവിലെ ആറിനു കുര്‍ബാന, കത്തീഡ്രലില്‍ 7.30ന് നമസ്‌കാരം. 8.30നു മൂന്നിന്മേല്‍ കുര്‍ബാന ഏലിയാസ് മോര്‍ അത്താനാസിയോസ്. 12ന് പൗലോസ് മോര്‍ ഐറേനിയോസ്. 13ന് യല്‍ദോസ് മോര്‍ തീത്തോസ്. സ്ലീബാ പെരുന്നാള്‍ ദിനമായ 14ലെ വിശുദ്ധ കുര്‍ബാനയ്ക്കും വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്‌കാരത്തിനും നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും യൂഹാനോന്‍ മോര്‍ മിലിത്തിയോസ് എന്നിവര്‍ പ്രധാനകാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ പങ്കെടുത്തു.

വിശ്വാസികളെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങള്‍

ട്ടുനോമ്പ് ആചാരണത്തില്‍ പങ്കെടുക്കുവാന്‍ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പള്ളിയിലേക്കു വരുന്ന ഭക്തജനങ്ങളുടെ സുഗമമായ ഗതാഗതത്തിന് ഉപയുക്തമാകുന്ന രീതിയില്‍ റോഡുകളുടെ അറ്റപ്പണികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി. പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കണിയാംകുന്ന്-മണര്‍കാട് പള്ളി റോഡ് മണര്‍കാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ അടിയന്തിര പരിഗണന നല്‍കി ഇന്റര്‍ലോക്ക് സ്ഥാപിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ ദിവസവും നേരിട്ടെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ചു പള്ളിയുടെ കിഴക്കുവശത്തായി പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, റവന്യു, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കായി വിവിധ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിയും പരിസരങ്ങളും പെരുന്നാള്‍ ദിനങ്ങളില്‍ നിലവിലുള്ളത് കൂടാതെ കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു പോലീസിന്റെ നിരീക്ഷണം ശക്തമാക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് നടത്തും. ആറു മുതല്‍ എട്ടു വരെ തീയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കും. എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തെക്കുവശത്തും പടിഞ്ഞാറുവശങ്ങളിലുമുള്ള മൈതാനങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വടക്കുവശത്തും തെക്കുവശത്തും ക്രമീകരിച്ചിരിക്കുന്ന കാന്റീനുകളില്‍നിന്നും മെച്ചപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.

വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. നാളെ മുതല്‍ 14 വരെ തീയതികളില്‍ ദീപാലങ്കാരം ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങള്‍ക്കും ഏഴു വരെ സൗജന്യമായി നേര്‍ച്ചക്കഞ്ഞി വടക്കുവശത്തെ പാരീഷ് ഹാളില്‍ നല്‍കും. പ്രധാന ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തല്‍സമയം കാണുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എസിവി, കേരളാ വിഷന്‍, വേള്‍ഡ് ടു വേള്‍ഡ്, ഗ്രീന്‍ ചാനല്‍ മണര്‍കാട് എന്നി ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്.

1501 പേര്‍ ഉള്‍പ്പെടുന്ന 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്ന് കത്തീഡ്രല്‍ സഹവികാരിയും പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന്‍ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ പറഞ്ഞു.

സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും

ണര്‍കാട് പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന്‍ സേവകസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം ചെയ്യും.

സെന്റ് മേരീസ് സ്‌കൂള്‍ രജതജൂബിലി ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വനിതാസമാജം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴിക്കാന്‍ എംപിയും മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിക്കും. ചലച്ചിത്രകാരന്‍ ബേസില്‍ ജോസഫ് വീഡിയോ പ്രകാശനം ചെയ്യും. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് എല്‍ദോസ് പോളിനെ അനുമോദിക്കും.

ചരിത്രപ്രസിദ്ധമായ റാസ ആറിനു നടക്കും

ഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ റാസ ആറിനു നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടിനു വൈദികര്‍ പള്ളിയില്‍നിന്നും പുറപ്പെടും.

ഏഴിനാണു പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നട അടയ്ക്കും. ഉച്ചകഴിഞ്ഞ് 1.30നു പന്തിരുനാഴി ഘോഷയാത്ര. രാത്രി 9.30ന് വെടിക്കെട്ട്.

പെരുന്നാളിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ‘കറിനേര്‍ച്ച’ പാച്ചോര്‍ നേര്‍ച്ച ഏഴിനു ഉച്ചമുതല്‍ തയാറാക്കാന്‍ തുടങ്ങുകയും അന്നേദിവസം രാത്രിയില്‍ നടക്കുന്ന റാസക്കുശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം സുനോറോ ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള ക്രമീകരണങ്ങള്‍ വിശുദ്ധ മദ്ബഹായോട് ചേര്‍ന്നു ചെയ്തിട്ടുണ്ട്. 1982 ഫെബ്രുവരി 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ മണര്‍കാട് പള്ളിയില്‍ സ്ഥാപിച്ചതാണ് സുനോറോ.

കൊടിമരം ഉയര്‍ത്തല്‍ നാളെ

ണര്‍കാട് കത്തീഡ്രല്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിമരം ഉയര്‍ത്തല്‍ നാളെ നടക്കും. കൊടിമരം കൊണ്ടുവരാനുള്ള ഘോഷയാത്ര നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു പള്ളിയില്‍നിന്നും പുറപ്പെടും. മണര്‍കാട് ഇല്ലിവളവ് പൂവത്തിങ്കല്‍ ജോജി തോമസിന്റെ ഭവനത്തില്‍നിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിക്കും. തുടര്‍ന്നു 4.30നു കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു പള്ളിയുടെ പടിഞ്ഞാറുള്ള കല്‍ക്കുരിശിനോടു ചേര്‍ന്നു ഉയര്‍ത്തും.

നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരി

സെന്റ് മേരീസ് കത്തീഡ്രലിലെ പെരുന്നാളിലേക്ക് നേര്‍ച്ച-വഴിപാടുകള്‍, പെരുന്നാള്‍ ഓഹരികള്‍ സമര്‍പ്പിക്കുവാന്‍ ക്രമീകരണങ്ങളുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, മണര്‍കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 0641053000000861, ഐഎഫ്എസ്‌സി: എസ്‌ഐബിഎല്‍ 0000641.
ഫെഡറല്‍ ബാങ്ക്, മണര്‍കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 17685600000334, ഐഎഫ്എസ്‌സി: എഫ്ഡിആര്‍എല്‍ 0001768. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മണര്‍കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 57005529130, ഐഎഫ്എസ്‌സി: എസ്ബിഐഎന്‍ 0070233 എന്നി അക്കൗണ്ടുകളില്‍ കൂടി പണമിടപാട് നടത്താം.

ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം

തിരുനാള്‍ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം കാണുന്നിനുള്ള ക്രമീകരണമുണ്ട്. facebook page: https://m.facebook.com/manarcadpallyofficial/. mobile app: manarcad pally official. https://play.google.com/store/apps/details?id=app.manarcad.manarcadpally. Youtube channel: manarcad st mary’s cathedrallive. https://www.youtube.com/c/manarcadstmarys. Website: manarcadstmaryschurch.org.

Back to top button
error: