സംസ്ഥാനത്ത് മഴ കനത്ത് കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആലപ്പുഴ വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുർ താലുക്കുകൾ പ്രളയഭീതിയിലായി. മുട്ടാർ, തലവടി പഞ്ചായത്തുകളിലാണ് കെടുതി കുടുതൽ ബാധിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിന്റെ അനന്തര ഫലവും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതിനെ തുടർന്ന് പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പ് വൻതോതിൽ ഉയർന്നു. നദികളിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ കുട്ടനാടിന്റെ തെക്കൻ മേഖല വെള്ളത്തിനടിയിലായി.
വീയപുരം, മേൽപ്പാടം, വള്ളക്കാലി, ചെറുതന തുടങ്ങിയ പ്രദേശങ്ങളിലും പമ്പയുടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ വെള്ളപ്പൊക്കത്ത തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കന്നുകാലി തൊഴുത്തുകളിലുമുൾപ്പടെ വെള്ളം കയറി. ആളുകൾ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടി. അപ്രതീക്ഷിതമായാണ് ജലനിരപ്പ് വൻതോതിൽ ഉയർന്ന് ഭീഷണിയായി മാറിയത്.
ഒരു രാത്രി കൊണ്ട് വീടിന്റെ മുറ്റങ്ങൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രേദേശങ്ങൾ പൂർണ്ണമായും മുങ്ങി. അടുത്ത പുഞ്ചകൃഷിക്കായി വെള്ളം കയറുന്നത് തടയുന്നതിനു മട അടച്ചെങ്കിലും രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ പാടശേഖരം മുങ്ങി. മട അടയ്ക്കാത്ത പാടശേഖരങ്ങളാകട്ടെ പൂർണ്ണമായും വെള്ളത്തിനടിയിലായി. കലങ്ങിമറിഞ്ഞെത്തുന്ന വെള്ളവും ശക്തമായ ഒഴുക്കം വീടുകളുടെ ഭിത്തിയിലേക്കാണ് പതിയ്ക്കുന്നത്. ഇത് വീടിന് ബലക്ഷയവും ഭാവിയിൽ വീടിന്റെ തകർച്ചയ്ക്കും കാരണമാകുമെന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർ പറയുന്നു.
രാമങ്കരിയിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. രമാങ്കരി വേഴപ്ര നാല്‍പ്പതില്‍വീട്ടില്‍ ശശിധരൻ (70) ആണ് മരിച്ചത്. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് അടക്കം പ്രധാന നിരത്തുകളെല്ലാം വെള്ളത്തിൽ മുങ്ങി. ദുരിത മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുട്ടാർ സെന്റ് ജോർജ് സ്കുൾ, തലവടി സ്കുൾ എന്നിവിടങ്ങളിലേക്കാണ് ആളുകളെ മാറ്റുന്നത്. ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകൾ സന്ദർശിച്ചു.
ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കുട്ടനാട് മേഖലയിൽ 45 കെട്ടിടങ്ങൾ കണ്ടെത്തി സജ്ജമാക്കി കഴിഞ്ഞു. കൂടാതെ 65 വള്ളങ്ങൾ, 42 മോട്ടോർ ബോട്ട്, നാല് ജങ്കാർ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റുമുകളും തുറന്നിട്ടുണ്ട്. കിടപ്പ് രോഗികൾക്കും മറ്റും അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
ചെങ്ങന്നൂരിൽ നിലവിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആറ് കുടുംബങ്ങളിൽ നിന്നായി 27 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ചെങ്ങന്നൂർ, തിരുവൻവണ്ടുർ മേഖലകളിലാണ് ഇത് തുടങ്ങിയിരിക്കുന്നത്. കായംകുളത്തും വിവിധ പ്രദേശങ്ങളിലെ റോഡുകളും വീടുകളും വെള്ളത്തിലായി.