KeralaNEWS

ട്രെയിനുകൾ ഇപ്പോഴും വൈകിയോടുന്നു, നാളെയും ഗതാഗതം തടസ്സപ്പെടാൻ സാധ്യത

കൊച്ചി: രാവിലെ കൊച്ചിയിൽ പെയ്ത മഴയിൽ താളം തെറ്റിയ കേരളത്തിലെ റെയിൽവേ ഗതാഗതം ഇപ്പോഴും ട്രാക്കിൽ കേറിയില്ല. ഉച്ചയ്ക്ക് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്സ് ഇതുവരെ കൊച്ചി കടന്നിട്ടില്ല. കോഴിക്കോട് നിന്നും 1.45-ന് പുറപ്പെട്ട ജനശതാബ്ദി ആലുവ വരെ ഏതാണ്ട് സമയക്രമം പാലിച്ചെങ്കിലും പിന്നീട് അനന്തമായി ഇഴയുകയാണ്. ഷെഡ്യൂൾ പ്രകാരം രാത്രി 8.20-ന് വർക്കലയിൽ എത്തേണ്ട ജനശതാബ്ദി നിലവിൽ ഇടപ്പള്ളിയിൽ മൂന്ന് മണിക്കൂർ വൈകി നിൽക്കുകയാണ്.

എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിക്കുന്നു.

Signature-ad

നിലവിൽ തിരുവനന്തപുരം – നിസ്സാമുദ്ദീൻ രണ്ട് മണിക്കൂറും, മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് മൂന്ന് മണിക്കൂറും, ജാം നഗർ ഹംസഫർ എക്സ്പ്രസ്സ് രണ്ട് മണിക്കൂറും വൈകിയോടുകയാണ്.ഇന്ന് രാത്രിയിൽ മഴ പൂർണ്ണമായി മാറിയില്ലെങ്കിൽ നാളെയും ട്രെയിനുകൾ വൈകിയോടുന്നത് തുടരാനാണ് സാധ്യത.

Back to top button
error: