രണ്ടാം ഇടത് സർക്കാരിൽ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാനും എംവി ഗോവിന്ദനും പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വരാനാണ് സാദ്ധ്യത. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സ്ഥാനം ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയം വിപുലമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സിപിഎം, 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
എം.ബി രാജേഷ് സ്പീക്കർ സ്ഥാനത്തുനിന്ന് മന്ത്രിസഭയിലേക്കെത്തും എന്ന അഭ്യൂഹം ശക്തമാണ്. മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന പ്രചാരണവുമുണ്ട്. പല പേരുകളും അന്തരീക്ഷത്തിൽ ഇതിനകം ഉയർന്നു കഴിഞ്ഞു. പഴയ മന്ത്രിമാരിൽ ആരെങ്കിലും മടങ്ങിയെത്തുമോ, അതോ പുതുമുഖങ്ങളാകുമോ എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാർട്ടി തലത്തിൽ ആലോചനകൾ സജീവമായി നടക്കുന്നുണ്ടെന്ന് മാത്രം. രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിത തീരുമാനങ്ങൾ പാർട്ടി കൈകൊണ്ടാലും അത്ഭുതപ്പെടാനില്ല. മന്ത്രി സ്ഥാനത്തിരുന്ന് പ്രാഗത്ഭ്യം തെളിയിച്ചവരെ മടക്കി കൊണ്ടുവന്ന് ഞെട്ടിക്കുമോ എന്നതും കണ്ടറിയണം. എം വി ഗോവിന്ദൻ കണ്ണൂരിൽ നിന്നുള്ള മന്ത്രിയായതിനാൽ ജില്ലയ്ക്ക് പരിഗണന ലഭിക്കുമെന്നും പ്രചരണമുണ്ട്. ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി പക്ഷേ ഇക്കാര്യത്തിലൊന്നും തീരുമാനം കൈകൊണ്ടില്ല. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കട്ടെ എന്നാണ് നിലപാട് സ്വീകരിച്ചത്.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ഭൂരിഭാഗം പേരുടെയും പ്രവർത്തനം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ഭരണപരിചയത്തിൽ പിന്നിലാണെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനോ ഉടൻ പരിഹരിക്കാനോ ഉള്ള ശ്രമം മിക്ക മന്ത്രിമാരും നടത്തുന്നില്ല. തീരുമാനങ്ങളെടുക്കുന്നതിലും പല മന്ത്രിമാരും പരാജയമാണെന്നും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്കു വിടുകയാണെന്നുമായിരുന്നു വിമർശനത്തിന്റെ കാതൽ. രണ്ടാം ഇടത് സർക്കാരിന്റെ ആദ്യ ക്യാബിനെറ്റ് പുന സംഘടന ഏത് രീതിയിലാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മികവില്ലെന്ന വിലയിരുത്തലുകളെ മറികടക്കാനാകും സിപിഎം ശ്രമിക്കുക. അങ്ങനെയെങ്കിൽ പുനസംഘടന വരുമ്പോൾ പ്രവർത്തന മികവ് കുറഞ്ഞ മന്ത്രിമാരെ മാറ്റിയേക്കുമോ എന്നതാണ് ശ്രദ്ധേയം.
സുപ്രധാന വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണം. അതിൽ തലപ്പത്ത് മുതിർന്ന ഒരു നേതാവിനെ തന്നെയാകും സി.പി.എം ലക്ഷ്യമിടുക. അങ്ങനെങ്കിൽ വകുപ്പുകളിൽ ആകെ മാറ്റവും സാധ്യതയിലുണ്ട്.
മികച്ച ഭൂരിപക്ഷത്തോടെ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനപ്പെട്ട രണ്ട് വകുപ്പുകളുമായി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു എം.വി ഗോവിന്ദൻ. ഒന്നര വർഷത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനായി മന്ത്രിസ്ഥാനം രാജിവെക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തിൽ സമാനമായ ഒരു സംഭവമുള്ളത് 1998ൽ ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസ്ഥാനം രാജിവെച്ച് സംസ്ഥാന സെക്രട്ടറിയായതാണ്. ദീർഘകാലം പാർട്ടി സെക്രട്ടറിയായി തുടർന്ന പിണറായി പിന്നീട് പാർലമെന്ററി രംഗത്തേക്ക് തിരിച്ചെത്തിയത് മുഖ്യമന്ത്രിയായാണ്. പാർട്ടി ശൈലിയിൽ പിണറായി വിജയന്റെ തനിപ്പകർപ്പായ എം.വി ഗോവിന്ദൻ പിണറായിക്ക് ശേഷം ആര് എന്ന വലിയ ചോദ്യത്തിന് മറുപടിയാണ്.