KeralaNEWS

സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്, മന്ത്രിസഭയിൽ അഴിച്ചുപണി? കെ കെ ഷൈലജ മന്ത്രിയാകുമോ?

 

തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോകായുക്ത ഭേദഗതി, ഗവര്‍ണറുമായുള്ള തര്‍ക്കം എന്നിവയില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങി മുന്നോട്ട് പോകണമെന്നാണ് നേതാക്കളുടെ നിര്‍ദേശം. കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ സംബന്ധിച്ച അഭ്യൂഹങ്ങളുമുണ്ട്.

കോടിയേരി ഒഴിയുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദന്‍ മാഷിനെ പരിഗണിക്കാനാണ് സാധ്യത. 75 വയസ് എന്ന പ്രായപരിധി മാനദണ്ഡവും ഗോവിന്ദന്‍ മാഷിന് തടസമാകില്ല. അതിനാല്‍ കൂടുതല്‍ സാധ്യത ഗോവിന്ദന്‍ മാഷിനാണ്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല.

 

Back to top button
error: