ദില്ലി: കിലോയ്ക്ക് വെറും 50 പൈസ എന്ന നിലയിലേക്ക് വിലതാഴ്ന്നതോടെ കടംവാങ്ങിയും പട്ടിണികിടന്നും വിളയിച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും റോഡിലും നദിയിലും തള്ളി കര്‍ഷകര്‍. ഒരാഴ്ചയായി ദയനീയ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതോടെ കര്‍ഷകര്‍ നദികളില്‍ വെളുത്തുള്ളി വലിച്ചെറിയുകയും വിളകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം.
രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്സൗറില്‍ കഴിഞ്ഞയാഴ്ച കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതല്‍ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളില്‍ കിലോയ്ക്ക് 45-50 പൈസ വരെ എത്തി. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്.
ഉല്‍പ്പാദന ചെലവും വിലയും തമ്മിലുള്ള അന്തരം നികത്താന്‍ പദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിശ്ചലമാണ്. 2017 മുതല്‍ കര്‍ഷകര്‍ മിനിമം താങ്ങുവിലക്കായി പ്രക്ഷോഭം നടത്തി. വിവിധ പ്രക്ഷോഭങ്ങളില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടെങ്കിലും കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 2011-12 ല്‍ 11.50 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2020-21 ല്‍ 19.83 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. മാല്‍വ-നിമാദ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷിയുള്ളത്. വില കുത്തനെ കുറയുമ്പോള്‍ കൃത്യമായ സംഭരണ സംവിധാനമില്ലാത്തതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
കര്‍ഷകര്‍ നദികളില്‍ വെളുത്തുള്ളി വലിച്ചെറിയുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പങ്കുവെച്ചു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെും അദ്ദേഹം ആവശ്യപ്പെട്ടു. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദ്ധാനം ചെയ്‌തെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില പോലും നല്‍കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയായി, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില മധ്യപ്രദേശില്‍ കുത്തനെ കുറയുകയാണെന്നും വ്യാവസായിക ഉല്‍പന്നങ്ങള്‍ പോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമെന്നും അഗ്രികള്‍ച്ചര്‍ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടു.