IndiaNEWS

രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും

കോഴിക്കോട്: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി നടത്തുന്ന ഭാരത് പദയാത്രയില്‍ മുഴുവന്‍ സമയ ജാഥാഗംമായി കൊയിലാണ്ടി പന്തലായനി സ്വദേശിയായ പവന്‍വീട്ടില്‍ വേണുഗോപാലും. സെപ്റ്റംബര്‍ എഴ് മുതലാണ് യാത്ര. സേവാദൾ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി എ.ഐ.സി.സി ഓഫീസില്‍ നടന്ന പദയാത്രയുടെ കോര്‍ഡിനേര്‍മാരായ ദിഗ്വിജയ്‌സിംങ്ങ്, മുഗള്‍ വാസനിക്ക് എന്നിവര്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് രണ്ടു പേരെയാണ് പദയാത്രയിലേക്ക് തിരഞ്ഞെടുത്തത്. സേവാദള്‍ മുന്‍ സംസ്ഥാന പ്രസിഡൻ്റ് തിരുവനന്തപുരം സ്വദേശി എം.എ.സലാം ആണ് വേണുഗോപാലിനെ കൂടാതെ പദയാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നത്. കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് സേവാദള്‍ പ്രസിഡന്റാണ് മുന്‍ സൈനികന്‍ കൂടിയായ വേണുഗോപാല്‍.

ജില്ലാ മോട്ടോര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ലയണ്‍സ് ക്ലബ് കൊയിലാണ്ടി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് കൊയിലാണ്ടി ടൗണ്‍ ശുചീകരിക്കാനും അണു വിമുക്തമാക്കാനും, ഒട്ടേറെ പേര്‍ക്ക് ഭക്ഷണം സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും വേണുഗോപാല്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.149 ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍ സഞ്ചരിച്ചുകൊണ്ടാണ് കാശ്മീരില്‍ സമാപിക്കുക.
ഡെല്‍ഹി ആര്‍മി ഹോസ്പിറ്റലില്‍ ലഫ് കേണല്‍ പദവിയിലുളള പി.ജി ജയയാണ് വേണുഗോപാലിന്റെ ഭാര്യ. മകള്‍ അനുപ്രിയ വി.ജി നായര്‍ ഡല്‍ഹി ആര്‍മി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഒന്നാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും, വി.ജെ അര്‍ജുന്‍ ആര്‍മി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.

Back to top button
error: