NEWS

100 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് രണ്ടാമത്തെ റെയില്‍വേ സ്റ്റേഷൻ

ന്യൂഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളെയും റെയില്‍വേയുമായി ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്കും എന്‍എഫ്‌ആറിനും ഇത് അഭിമാന നിമിഷം.
100 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നാഗാലാന്‍ഡിന് രണ്ടാമത്തെ റെയില്‍വേ സ്റ്റേഷന്‍ ലഭിച്ചു.ഷൊഖുവിയിലാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍.
1903ല്‍ സംസ്ഥാനത്തെ വാണിജ്യ കേന്ദ്രമായ ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ തുറന്ന ശേഷം ഇതാദ്യമായാണ് മറ്റൊരു സ്റ്റേഷന്‍ അനുവദിക്കുന്നത്.ദിമാപൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഷോഖുവി.
ഇതോടെ അസമിലെ ഗുവാഹത്തിയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്ക് പ്രതിദിന സര്‍വിസ് നടത്തുന്ന ഡോണി പോളോ എക്‌സ്പ്രസ്, ഷോഖുവി വരെ നീട്ടിയിട്ടുണ്ട്. നാഗാലാന്‍ഡിനെയും അരുണാചല്‍ പ്രദേശിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വിസ്.
അസമിലെ ധന്‍സിരി മുതല്‍ നാഗാലാന്‍ഡിലെ കൊഹിമ ജില്ലയിലെ സുബ്‌സ വരെയുള്ള 90 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്‌ഗേജ് പാതയുടെ നിര്‍മാണം പുരേഗമിക്കുകയാണ്. 2016-ല്‍ തറക്കല്ലിട്ട പാത 2020ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, പിന്നീട് 2024 വരെ സമയപരിധി നീട്ടി നല്‍കി. ഈ പാത ന്യൂ കൊഹിമ, ഇംഫാല്‍ വഴി ഐസ്വാളിലേക്ക് നീട്ടാനാണ് പദ്ധതി.

Back to top button
error: