സ്കൂൾ വിദ്യാർത്ഥിനിയായ 15 വയസുകാരി പെൺകുട്ടിയുടെ മൃതദേഹം മുംബൈ നൈഗാവ് റെയിൽവേ സ്‌റ്റേഷനു സമീപം പുതപ്പിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ നിറച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി.
വൻഷിത കനൈയാലാൽ റാത്തോഡ് എന്ന പെൺകുട്ടിയെ അന്ധേരിയിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു, കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നൈഗാവ് റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച ഈസ്റ്റ്-വെസ്റ്റ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തിയത്. റെയിൽവേ പോലീസാണ് വിവരം വിളിച്ച് പറഞ്ഞതെന്ന് വാലിവ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാഹുൽകുമാർ പാട്ടീൽ പറഞ്ഞു.
പോലീസ് ഉടൻ സ്ഥലത്തെത്തി. പരിശോധനയിൽ പെൺകുട്ടിയുടെ വയറിൽ കുത്തേറ്റതായി കണ്ടെത്തി. ബാഗിൽ ഒരു തൂവാലയും കുറച്ച് വസ്ത്രങ്ങളും അന്ധേരിയിലെ ഒരു സ്കൂളിന്റെ സ്കൂൾ യൂണിഫോമും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ റാത്തോഡ് വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് പ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയത്. എന്നാൽ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പരിഭ്രാന്തരായ മാതാപിതാക്കൾ പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്ധേരി മുതൽ നൈഗാവ് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിച്ച പെൺകുട്ടിയെ എങ്ങനെ കാണാതായി എന്നറിയാൻ പെൺകുട്ടിയുടെ വീടിനും സ്‌കൂളിനും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് വസായിലെ വാലിവ് പോലീസ് സ്റ്റേഷനിൽ സെക്ഷൻ 302 പ്രകാരം കേസെടുത്തിട്ടുണ്ട്.