മോര്‍ണിംഗ് കണ്‍സള്‍ട്ട് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ലോക നേതാക്കളെ പിന്തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി.
റേറ്റിംഗില്‍ 75 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് സര്‍വ്വേ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മോണിംഗ് കണ്‍സള്‍ട്ട് ഏജന്‍സി പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് സര്‍വ്വേ വഴി നിരവധി രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. നിലവില്‍ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ജര്‍മ്മനി, ഇന്ത്യ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവായി തിരഞ്ഞെടുത്തത്.
മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ രണ്ടാമത്തെ സര്‍വ്വേയാണിത്. 2021ലെ സര്‍വ്വേയിലും മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. നിരവധി രാജ്യങ്ങളിലെ ജനങ്ങളുമായി നടത്തിയ സര്‍വ്വേയില്‍ മികച്ച പ്രതികരണം നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ വളരുകയാണെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നതെന്ന് ഏജന്‍സി പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടും ഇറ്റാലിയന്‍ പ്രധാനമന്ത്രി മൂന്നും സ്ഥാനങ്ങള്‍ നേടി. ലോകത്തിലെ 22 നേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 41 ശതമാനം റേറ്റിംഗുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഞ്ചാം സ്ഥാനവും 39 ശതമാനവുമായി കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയും, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ബൈഡന് തൊട്ടു പിന്നിലായും നിലയുറപ്പിച്ചതായി മോര്‍ണിംഗ് കണ്‍സള്‍ട്ട് ട്വിറ്ററില്‍ കുറിച്ചു.