‘അർബുദ പോരാളികൾ ഞങ്ങൾ അധികാരികളെ കനിയൂ’എന്ന സന്ദേശമുയർത്തി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ പെൻഷൻ വാങ്ങുന്നവർ സെക്രട്ടേറിയേറ്റിന് മുമ്പിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
കാൻസർ പെൻഷൻകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക. കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. കാൻസർ ചികിൽസാ ചിലവുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നില്ല. മറ്റ് ക്ഷേമ പെൻഷനുകൾ 1600 രൂപ ആക്കി ഉയർത്തിയിട്ടും കാൻസർ പെൻഷൻ വർദ്ധിപ്പിച്ചില്ല. ഇപ്പോഴും ആയിരം രൂപയാണ് നൽകുന്നത്. കാൻസർ പെൻഷൻ ഓൺലൈൻ ആക്കിയതിനു ശേഷം മിക്ക താലൂക്ക് കളിലും കുടിശ്ശികയാണ്. മരുന്നു വാങ്ങുന്നതിനും തുടർ പരിശോധനയ്ക്കു പോകുന്നതിനും രോഗികൾ പെൻഷൻ തുകയാണ് ഉപയോഗിക്കുന്നത്. അധികാരികൾക്ക് നൽകിയ നിവേദനങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ജീവനം കാൻസർ സൊസൈറ്റി സെക്രട്ടേറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ടായ്മ പ്രസിഡണ്ട് പി. ജിസന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ഉദ്ഘാടനം ചെയ്തു. ചീഫ് പ്രോഗ്രാം കോ ഡിനേറ്റർ ജോജി മാത്യു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ അനിൽ കടക്കൽ. ഗോപൻ ഡി. പ്രേംരാജ്. അരുൺ ദാസ്. സാദിഖ് കോഴിക്കോട്, നളിനാക്ഷൻ എന്നിവർ സംസാരിച്ചു.