CrimeNEWS

ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. വനിതാ നേതാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; സോണാലിയുടെ ശരീരത്ത് ഒന്നിലധികം പരിക്കുകള്‍

പനാജി: കഴിഞ്ഞ ദിവസം ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സോണാലിയുടെ ശരീരത്ത് ഒന്നിലധികം പരിക്കുകള്‍ ഉണ്ടെന്നാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂര്‍ച്ചയില്ലാത്ത ഏതോ വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിലുള്ളതെന്നാണ് സൂചന.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ സോണാലിയുടെ രണ്ട് അനുയായികള്‍ക്കെതിരേ ഗോവാ പോലീസ് കൊലപാതകക്കുറ്റം കൂടി രജിസ്റ്റര്‍ ചെയ്തു. 42-കാരിയായ സോണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐ.പി.സിയിലെ 302-ാം വകുപ്പു (കൊലപാതകം) കൂടിയാണ് ചേര്‍ത്തിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സോണാലിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടത്തിയത്.

Signature-ad

ഓഗസ്റ്റ് 22 തിങ്കാളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാഗ്‌വാനും ഇയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ സിങ്ങും സോണാലിക്ക് ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സുധീറിനും സുഖ്‌വിന്ദറിനുമെതിരേ സോണാലിയുടെ സഹോദരന്‍ റിങ്കു ധാക്ക, ബുധാനാഴ്ച അന്‍ജുന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

റിങ്കുവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. തന്റെ സഹോദരിയുടെ മരണം, ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം ആണെന്നാണ് സോണാലിയുടെ സഹോദരന്റെ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് ഗോവയിലെത്തിയതിന് പിന്നാലെ സ്വന്തം നിലയ്ക്ക് ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നെന്നും സോണാലിയുടേത് സ്വാഭാവികമരണം അല്ലെന്നും റിങ്കു കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഗോവയിലെത്തിയ സോണാലിയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്.

Back to top button
error: