ഈ ഇറ്റാലിയന്‍ ദ്വീപിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നവര്‍ക്കായി വന്‍ തുക നല്കാന് സര്‍ക്കാര്‍. സാര്‍ഡീനിയ ദ്വീപിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി സര്‍ക്കാര്‍ ഏകദേശം 12 ലക്ഷത്തിന് മുകളിലാണ് (£12,700) വാഗ്ദാനം ചെയ്യുന്നത്. ഈ സംരംഭത്തിനായി ഉദ്യോഗസ്ഥര്‍ ആകെ വകയിരുത്തിയിരിക്കുന്നത് 38 മില്ല്യണ്‍ പൗണ്ടാണ്. ഇറ്റലിയിലെ ഗ്രാമീണ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിച്ചു കൊണ്ട് ചെറുപട്ടണങ്ങളില്‍ കച്ചവടം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സര്‍ക്കാരിന്.
മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ. പ്രകൃതിരമണീയമായ ഈ ദ്വീപ് സാംസ്കാരികപരമായും വളരെ പ്രധാനപ്പെട്ടതാണ്. 1,000 മൈലിലധികം വരുന്ന മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍, മനോഹരമായ തുറമുഖ നഗരങ്ങള്‍, ബിസി 1,500 -ല്‍ നിര്‍മ്മിച്ച വെങ്കലയുഗ അവശിഷ്ടങ്ങള്‍ എന്നിവയുള്ള, സാംസ്കാരികമായി സമ്പന്നമായ ദ്വീപാണ് ഇത്.
എന്നാല്‍, വിദൂരപ്രദേശത്തുള്ള സ്ഥലങ്ങളനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും സാര്‍ഡീനിയ ദ്വീപും അഭിമുഖീകരിക്കുന്നുണ്ട്. യുവാക്കള്‍ ജോലി തേടിയും മറ്റും വലിയ നഗരങ്ങളിലേക്ക് പോയിത്തുടങ്ങിയതോടെ ഇവിടെ ജനസംഖ്യ കുറയുകയും സാമ്പത്തിക രംഗം ക്ഷയിക്കുകയും ചെയ്ത് തുടങ്ങി.
പഴയ വീടുകള്‍ വാങ്ങാനും പുതുക്കിപ്പണിയാനും പുതിയ ബിസിനസുകള്‍ ആരംഭിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇപ്പോള്‍ ഈ പുതിയ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മനോഹര ദ്വീപുകളിലൊന്നാണ് ഇത്. അതിനാല്‍ തന്നെ പട്ടണങ്ങളില്‍ നിന്നും മറ്റും മാറി, സൈ്വരജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരെ ഒരുപക്ഷേ, ഈ വാഗ്ദാനം ആകര്‍ഷിച്ചേക്കും.
സര്‍ക്കാര്‍ നല്കുന്ന പണം വീടു വാങ്ങാനും അത് പുതുക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നത് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പറയുന്നുണ്ട്. ചിലപ്പോള്‍ ആ പണം തികഞ്ഞില്ലെങ്കില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം കുറച്ച് എടുക്കേണ്ടി വരും. അതുപോലെ ഇടയ്ക്ക് വരാനും വിശ്രമിക്കാനുമുള്ള ഹോളിഡേ ഹോം നിര്‍മ്മിച്ച് പോകാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട. അവിടെ സ്ഥിരം താമസക്കാരാവാന് തയ്യാറുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.