IndiaNEWS

എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി. ശ്രമം, ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ മാറ്റിവച്ചിരിക്കുന്നത് 800 കോടി; ആരോപണവുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 40 എം.എല്‍.എമാര്‍ക്ക് 20 കോടി വീതം നല്‍കി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്രിവാള്‍ ആരോപിച്ചു. ‘ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ അവര്‍ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എല്‍.എമാര്‍ക്കും 20 കോടിയാണ് വില. രാജ്യം തീര്‍ച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സര്‍ക്കാര്‍ സ്ഥിരപ്പെട്ടതാണ്. ഡല്‍ഹിയിലെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരും.’ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 എംഎല്‍എമാരാണ് എ.എ.പിയ്ക്കുള്ളത്. ബി.ജെ.പിയ്ക്ക് 8 എം.എല്‍.എമാരും. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചു. ആകെയുള്ള 62 എ.എ.പി. എം.എല്‍.എമാരില്‍ 53 പേര്‍ യോഗത്തിനെത്തി. സ്പീക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തുള്ള എട്ട് എം.എല്‍.എമാര്‍ വിട്ടു നില്‍ക്കാനുള്ള കാരണം നേതൃത്വത്തെ അറിയിച്ചു. ഒരു എം.എല്‍.എ. ഇ.ഡി കേസില്‍ പെട്ട് ജയിലിലാണ്. യോഗശേഷം കെജ്രിവാളിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ രാജ്ഘട്ടിലെത്തി.

Signature-ad

അതേസമയം, കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.

Back to top button
error: