KeralaNEWS

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. സുജിത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുജിത് കുമാറിനെ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ തൊഴിലാളികളും പാവപ്പെട്ടവരുമായ പതിനായിരങ്ങളുടെ ഏക ആശ്രയമാണ് കാഞ്ഞിരപ്പള്ളി താലൂക്ക്ആശുപത്രി. ഇവിടുത്തെ സർജനായ ഈ ഡോക്ടറെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയതിനെ തുടർന്ന് നിജസ്ഥിതി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കെണി ഒരുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.30 നാണ്സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ പത്തനാപുരം പട്ടാഴി സ്വദേശിയായ ഡോക്ടർ സുജിത് കുമാർ ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ തന്നെയാണ് താമസം.

മുണ്ടക്കയം സ്വദേശി ഹെർണിയ രോഗത്തിന് ചികിത്സയ്ക്കായി ചെന്നപ്പോൾ 15 ന് തിങ്കളാഴ്ച   ഓപ്പറേഷൻ  വേണ്ടി വരുമെന്നും 5000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം അഡ്മിറ്റാവുകയും 2000 രൂപാ കൈക്കൂലിയായി നൽകുകയും ചെയ്തു. വ്യാഴാഴ്ച ഓപ്പറേഷൻ കഴിഞ്ഞിട്ട് രോഗിയുടെ മകനോട് ബാക്കി 3000 രൂപാ ആവശ്യപ്പെടുകയായിരുന്നു.
അവർ കോട്ടയം വിജിലൻസുമായി ബന്ധപ്പെടുകയും,വിജിലൻസ് നൽകിയ നോട്ടുകൾ സഹിതം ഇന്ന് വൈകുന്നേരം ആശുപത്രിക്കു സമീപമുള്ള ഡോക്ടറുടെ വീട്ടിൽ കൊണ്ട് പോയി കൊടുക്കുകയുമായിരുന്നു. ഈ സമയം മറഞ്ഞു നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തിച്ചേർന്നു പിടി കൂടുകയായിരുന്നു.

Back to top button
error: