KeralaNEWS

വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വച്ച് തീരുമാനം; ലോകായുക്ത ബില്ലില്‍ സി.പി.എം. സി.പി.ഐ. ധാരണ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.ഐയുടെ എതിര്‍പ്പ് മറികടക്കാന്‍ സി.പി.എം. നടത്തിയ നീക്കങ്ങള്‍ പരിസമാപ്തിയിലേക്ക്. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം. അംഗീകരിച്ചു.

ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരാണെങ്കില്‍ സ്പീക്കര്‍ക്കും പുനപരിശോധിക്കാവുന്ന തരത്തില്‍ നിയമഭേദഗതി നടത്താം എന്നാണ് ധാരണയായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ലോകായുക്ത ഉത്തരവിട്ടാല്‍ അത് അനുസരിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു.

നിയുക്ത ലോകായുക്ത നിയമഭേദഗതിയോട് സിപിഐ നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് സമാവായ ചര്‍ച്ചകളും പുതിയ മാറ്റങ്ങളും ഉണ്ടായത്. അനുനയനീക്കത്തിനായി കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമമന്ത്രി പി.രാജീവും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് ചര്‍ച്ച നടത്തിയത്.

നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള ഭേദഗതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ നിരയില്‍നിന്ന് ഉണ്ടാകും.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതിയും നിയമസഭയിലെത്താനുള്ള സാധ്യതയുണ്ട് . നിലവില്‍ പുറത്ത് വന്ന ലിസ്റ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഗവര്‍ണണ്‍റുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ല് വന്നാല്‍ അതിനെതിരെയും കനത്ത പ്രതിഷേധം സഭയില്‍ ഉയരും.

Back to top button
error: