ജാര്‍ഖണ്ഡ്: അമ്മാവന്റെ വീട്ടിലേക്ക് പോവാനായിരുന്നു ആ പതിനാലുകാരി വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് അവളെ കണ്ടെത്തിയത് വിജനമായ ഒരിടത്ത് ദേഹമാകെ മുറിവുകളോട് കൂടിയായിരുന്നു. ഒരു രാത്രി മുഴുവന്‍ പരിക്കുകളോടെ വിജനമായ സ്ഥലത്ത് കിടന്ന അവള് ഇഴഞ്ഞിഴഞ്ഞ് എങ്ങനെയോ സമീപത്തെ റോഡിലേക്ക് എത്തി നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയും വനിതാ പൊലീസ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ബലാല്‍സംഗം ചെയ്യാനുള്ള ശ്രമം ചെറുത്തതിനെത്തുടര്‍ന്ന് ഒരു ഓട്ടോഡ്രൈവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ദേഹമാകെ പരിക്കേറ്റ തന്നെ ഓട്ടോയില്‍നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം ഓട്ടോ ഡ്രൈവര്‍ കടന്നുകളയുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തു. ശിശുക്ഷേമ സമിതിയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബസുകിനാഥ് മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരന്താനുഭവം. രാംഗഢ് മേഖലയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. വീട്ടില്‍നിന്നിറങ്ങി ബസുകിനാഥ് ബസ്സ്റ്റാന്‍ഡിലേക്ക് ചെന്ന തന്നെ ഈ ഓട്ടോ ഡ്രൈവര്‍ സ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. മറ്റൊരു പെണ്‍കുട്ടിയും ഓട്ടോയിലുണ്ടായിരുന്നു. മണിക്കൂറുകള്‍ യാത്ര ചെയ്ത ശേഷം തുടര്‍ന്ന് തങ്ങളെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ അവിടെ വെച്ച് രണ്ട് പേരോടും മോശമായി പെരുമാറുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്കി.
ഡ്രൈവര്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മറ്റേ പെണ്‍കുട്ടി ഓട്ടോയില്‍നിന്നും ഇറങ്ങിയോടിക്കളഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. താന്‍ അതില്‍ത്തന്നെ പെട്ടു. തുടര്‍ന്ന് ഓട്ടോ അവിടെനിന്നും കുറച്ചു കൂടി വിജനമായ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ ഡ്രൈവര്‍ അവിടെ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി പുറകിലേക്ക് ചെന്ന് സീറ്റിലിട്ട് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ക്രൂദ്ധനായി ഓട്ടോയില്‍നിന്നും നിലത്തേക്ക് വലിച്ചിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഒരു വടിയെടുത്ത് അയാള്‍ തന്നെ തല്ലിച്ചതക്കുകയും മുഖത്ത് കല്ലുകൊണ്ടിടിക്കുകയും ചെയ്തു. ഇതിനുശേഷം, അയാള്‍ ഓട്ടോയിലേക്ക് വലിച്ചു കയറ്റി അല്‍പ്പമകലെ ഒരു കാടുപിടിച്ച സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിട്ടു. അപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. മര്‍ദ്ദനത്തിലും വലിച്ചെറിഞ്ഞതിലും ദേഹമാകെ മുറിവുകളായിരുന്നു. കാല്‍മുട്ട് പൊട്ടിയിരുന്നു. നടക്കാന്‍ പോലും കഴിയാത്തതിനാല്‍ അവിടെ കിടന്ന് നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. രാത്രി മുഴുവന്‍ അവിടെ കിടന്ന് നിലവിളിച്ച താന്‍ നേരം വെളുത്തപ്പോള്‍ ഇഴഞ്ഞിഴഞ്ഞ് കുറേ ദൂരം മുന്നോട്ടു പോയി ഒരു റോഡിലെത്തുകയായിരുന്നു.
റോഡില്‍ ഇഴഞ്ഞു വന്ന പെണ്‍കുട്ടിയുടെ ദയനീയ അവസ്ഥ കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. സംഭവം പുറത്തറിഞ്ഞതോടെ കോടതി സ്വമേധയാ കേസ് എടുത്തു. പൊലീസിനോട് എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു. അജ്ഞാതനായ ഒരാളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനും അംഗങ്ങളും ആശുപത്രിയില്‍ ചെന്ന് പെണ്‍കുട്ടിയെ കണ്ട് മൊഴി എടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.