KeralaNEWS

മണ്‍സൂണ്‍ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനി നഗരപരിധിയില്‍ മാത്രം നഷ്ടമായത് 11 വീടുകള്‍

മലപ്പുറം: പൊന്നാനിയില്‍ മണ്‍സൂണ്‍ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനി നഗരപരിധിയില്‍ മാത്രം നഷ്ടമായത് 11 വീടുകള്‍. മരക്കടവ് മുതല്‍ ഹിളര്‍ പള്ളി വരെയുള്ള മേഖലകളില്‍ കടലിനോട് ചേര്‍ന്ന 11 വീടുകള്‍ പൂര്‍ണമായും കടലെടുത്തു. പേരിനുമാത്രം കടല്‍ഭിത്തിയുള്ള മേഖലയായതിനാലാണ് നാശനഷ്ടം വര്‍ധിച്ചത്. ഈ മേഖലയിലെ തീരദേശ റോഡും പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടല്‍ക്ഷോഭത്തില്‍ കടലെടുക്കുമ്‌ബോള്‍ ഭൂമിയുടെ പട്ടയരേഖകളുമായി നിസ്സഹായരായി നില്‍ക്കുകയാണ് താലൂക്കിലെ കടലോരവാസികള്‍.

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ചവര്‍ക്ക് നേരത്തെയുണ്ടായിരുന്ന കടലോരത്തെ സ്ഥലം കൃഷിക്ക് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഈ ഭൂമിയെല്ലാം ഇപ്പോള്‍ കടലിലാണ്. ഓരോ കടല്‍ക്ഷോഭക്കാലത്തും മീറ്ററോളം കരഭാഗമാണ് കടല്‍ കവര്‍ന്നെടുക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കിഴക്കുപടിഞ്ഞാറ് ഭാഗത്തായി മാത്രം നഷ്ടമായത് ഒരു കിലോമീറ്ററോളം ഭൂമിയാണ്.

Signature-ad

റവന്യൂ വകുപ്പ് കണക്കുകള്‍ പ്രകാരം പൊന്നാനി അഴിമുഖം മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള 12 കി. മീ. ഭാഗത്ത് തീരദേശവാസികള്‍ക്ക് പതിച്ചുനല്‍കിയ 700 മീറ്റര്‍ ഭൂമി കടലെടുത്തതായാണ് കണക്കാക്കുന്നത്. തീരദേശ പരിപാലന നിയമപ്രകാരം നിശ്ചയിച്ച ഭാഗത്തുനിന്ന് 700 മീറ്റര്‍ പരിധിയിലുള്ള ഭൂമിയാണ് കടലെടുത്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് തീരത്തേക്കുള്ള കടല്‍ വേലിയേറ്റം രൂക്ഷമായത്. ഓരോ വര്‍ഷവും ഈ മേഖലയില്‍ 20 മുതല്‍ 40 മീറ്റര്‍ വരെ കടലെടുത്തതായാണ് കണക്കുകള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷമാണ് പൊന്നാനി തീരത്ത് കടലേറ്റം രൂക്ഷമായത്. ഈ വര്‍ഷം പൊന്നാനി മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നഷ്ടം വന്നത്. സര്‍ക്കാര്‍ രേഖകള്‍ കൈയിലുണ്ടായിട്ടും, ഭൂമി നഷ്ടമായാലും സി. ആര്‍. സെഡ് പരിധിയിലായതിനാല്‍ ആനുകൂല്യങ്ങളൊന്നും തീരദേശവാസികള്‍ക്ക് ലഭിക്കുന്നില്ല. തീരപരിധിയിലുള്ളവര്‍ക്കായി പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പരിധിയില്‍ അര്‍ഹരായ പലരും ഉള്‍പ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയും വീടും നഷ്ടമായവരില്‍ ഭൂരിഭാഗവും ഇപ്പോഴും വാടകവീടുകളിലാണ് കഴിയുന്നത്.

Back to top button
error: