CrimeNEWS

തോക്കുചൂണ്ടി പോലീസിനെയും നാട്ടുകാരെയും വിറപ്പിച്ച് മോഷ്ടാക്കള്‍; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: പോലീസുകാരുള്‍പ്പെടെയുള്ളവരെ വിറപ്പിച്ച് പട്ടാപ്പകല്‍ തിരുവനന്തപുരത്ത് മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്.

രക്ഷപ്പെട്ട രണ്ട് പേര്‍ക്കായി പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു. മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ തോക്ക് ആണോയെന്ന് വ്യക്തമല്ല. ഇരുവരും ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Signature-ad

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞുകിടക്കുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താനായിരുന്നു രണ്ടുപേരുടെ പദ്ധതി. എന്നാല്‍ വീട് കുത്തിത്തുറക്കാനുള്ള ശ്രമം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സമീപവാസികള്‍ മോഷണശ്രമം തടയുകയും ഇവരെ ചോദ്യംചെയ്യാനെത്തുകയും ചെയ്തു.

ഇതോടെയാണ് രണ്ടുപേരും നാട്ടുകാര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടത്. ഇടപ്പഴഞ്ഞിയില്‍നിന്ന് നഗരത്തിലെ ഒരു സ്പെയര്‍ പാര്‍ട്സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരേയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കേരള രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറിന്റെ നമ്പറടക്കം ഇതില്‍ വ്യക്തമാണ്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇവര്‍ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

Back to top button
error: