IndiaNEWS

‘ആപ്പി’ൽ കയറി വായ്പയെടുത്താൽ ആപ്പിലാകുമെന്ന് മറക്കരുത്, അപകടകാരികളായ ഈ 35 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക

അത്യാവശ്യക്കാർ ആശ്രയമായി കരുതുന്ന ‘ഇൻസ്റ്റന്റ് ലോൺ ആപ്പു’കൾ ഭാവി ജീവിതത്തിനുതന്നെ ഭീക്ഷണിയാകുന്ന അവസ്ഥ. ഞൊടിയിടയിൽ അക്കൗണ്ടിൽ പണമെത്തും എന്നതിനാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന പലരും കെണിയിലാവുന്നത് അതിവേഗം തന്നെ. പണം കടമെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ മാത്രമല്ല, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാൽ പോലും പണി കിട്ടും എന്നതാണ് അവസ്ഥ. സ്മാർട്ട് ഫോണിൽനിന്ന് ഫോട്ടോകൾ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന തരത്തിലേക്ക് ലോൺ ആപ്പുകളുടെ ഭീഷണി വളർന്നു കഴിഞ്ഞു.

ജാഗ്രത നിർദേശവുമായി പൊലീസും ഇതോടെ രംഗത്തെത്തി. അത്യാവശ്യഘട്ടത്തിൽ ലോൺ ആപ് വഴി രണ്ട് തവണയായി 10,000 രൂപ കടമെടുത്ത ആലപ്പുഴയിലെ യുവാവ് പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ, പണം ലഭിച്ചില്ലെന്നും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടു ലോൺ ആപ് കമ്പനിക്കാർ. ഇയാൾ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും ആപ്പുകാർ ഭീഷണി തുടർന്നു.

യുവാവിന്റെ ഫോണിൽനിന്ന് ലോൺ കമ്പനിക്കാർ ചോർത്തിയ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ തുടങ്ങി. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാ‌ർ ആഘോഷ ദിവസമെടുത്ത ഗ്രൂപ് ഫോട്ടോയിൽനിന്ന് ഒരു യുവതിയുടെ മുഖചിത്രമെടുത്താണ് മോർഫ് ചെയ്തത്. തന്റെ മുഖമുള്ള അശ്ലീല ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കുന്നതോടെയാണ് ഇൻസ്റ്റന്റ് ലോൺ തട്ടിപ്പിന്റെ തുടക്കം. ലോൺ ലഭിക്കാൻ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി വാങ്ങും. ലോൺ തുകയിൽനിന്ന് ചെറുതല്ലാത്തൊരു തുക കിഴിച്ചശേഷം ബാക്കി തുകയാണ് നൽകുന്നത്. കൃത്യമായി തിരിച്ചടച്ചാലും കാര്യമില്ല. ലോൺ മുടങ്ങിയെന്ന പേരിൽ പണവും പലിശയും ആവശ്യപ്പെടും.
ലോൺ വാങ്ങിയ ആളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ് ചെയ്യുകയാണ് അടുത്ത പടി.
മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ളയാൾക്കും അയക്കും. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉപഭോക്താവ് വഴങ്ങിയില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കും. ഫേയ്ക്ക് ഐഡികളിൽനിന്നോ വ്യാജ വാട്‌സ്ആപ് നമ്പറുകളിൽനിന്നോ ആയിരിക്കും ഇത്തരക്കാർ മെസേജുകൾ അയക്കുന്നത്. ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതിപ്പെടില്ല. ഇതോടെ കുറ്റകൃത്യങ്ങൾ തുടരും. എന്നതാണ് നിലവിലെ സ്ഥിതി.

ഇത്തരം ആപ്പുകൾക്കെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്.

പേരും ഐക്കണും മാറ്റുന്നതിലൂടെ ഇത്തരം ആപ്പുകൾക്ക് അവരുടെ സാന്നിധ്യം മറയ്ക്കാനാകും. വാൾസ് ലൈറ്റ് – വാൾപേപ്പർ പായ്ക്ക്, ബിഗ് ഇമോജി – കീബോർഡ് -100 കെ, ഗ്രാൻഡ് വാൾപേപ്പറുകൾ -3 ഡി ബാക്ക്‌ഡ്രോപ്പുകൾ എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഉടനടി അത് ഒഴിവാക്കുക. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകൾ ഉണ്ട്.

അപകടകാരികളായ ആപ്പുകൾ:

വാൾസ് ലൈറ്റ് – വാൾപേപ്പർ പായ്ക്ക്, ബിഗ് ഇമോജി – കീബോർഡ് -100K, ഗ്രാൻഡ് വാൾപേപ്പറുകൾ -3D ബാക്ക്‌ഡ്രോപ്പുകൾ, എഞ്ചിൻ വാൾപേപ്പർ – ലൈവ് ആൻഡ് 3D, സ്റ്റോക്ക് വാൾപേപ്പറുകൾ – 4K & HD, എഫക്റ്റ് മാനിയ – ഫോട്ടോ എഡിറ്റർ, ആർട്ട് ഫിൽട്ടർ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കീബോർഡ്, മാത്ത് സോൾവർ – ക്യാമറ ഹെൽപ്പർ, ഫോട്ടോപിക്‌സ് ഇഫക്‌റ്റുകൾ – ആർട്ട് ഫിൽട്ടർ, ലെഡ് തീം – വർണ്ണാഭമായ കീബോർഡ്, കീബോർഡ് – ഫൺ ഇമോജി സ്റ്റിക്കർ, സ്മാർട്ട് വൈഫൈ, മൈ ജിപിഎസ് ലൊക്കേഷൻ, ഇമേജ് വാർപ്പ് ക്യാമറ, ആർട്ട് ഗേൾസ് വാൾപേപ്പർ എച്ച്ഡി, ക്യാറ്റ് സിമുലേറ്റർ, സ്മാർട്ട് ക്യുആർ ക്രിയേറ്റർ, പഴയ ഫോട്ടോ, ജിപിഎസ് ലൊക്കേഷൻ ഫൈൻഡർ, പെൺകുട്ടികളുടെ ആർട്ട് വാൾപേപ്പർ, സ്മാർട്ട് ക്യുആർ സ്കാനർ, ജിപിഎസ് ലൊക്കേഷൻ മാപ്പുകൾ,വോളിയം കൺട്രോൾ, രഹസ്യ ജാതകം, സ്മാർട്ട് ജിപിഎസ് ലൊക്കേഷൻ, ആനിമേറ്റഡ് സ്റ്റിക്കർ മാസ്റ്റർ, പേഴ്സണാലിറ്റി ചാർജിംഗ് ഷോ, സ്ലീപ്പ് സൗണ്ട്സ്, എം 3 ആപ്പ് ക്രിയേറ്റർ സ്ലൈഡർ, രഹസ്യ ജ്യോതിഷം, ഫോട്ടോകൾ കളറൈസ് ചെയ്യുക, PHI 4K വാൾപേപ്പർ – ആനിമേഷൻ HD.

Back to top button
error: