തൃശൂർ ശങ്കരയ്യ റോഡിലെ ഡ്രീംസ് യുണിസെക്‌സ് ബ്യൂട്ടി സലൂൺ & ബോഡി സ്പായിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ പിടികൂടി. ഇത് സംബന്ധിച്ച് പട്ടാമ്പി സ്വദേശി അഭിലാഷ്, മൈലിപ്പാടം സ്വദേശി ഹസീന (35) എന്നിവരെ അറസ്റ്റു ചെയ്തു. ഹസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയെത്തുന്നവർക്ക് മയക്കുമരുന്നും ആവശ്യാനുസരണം സ്ത്രീകളെയും നൽകുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്ന് കഴിക്കാൻ വരുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകളുമായി ഈയിടെ തർക്കം ഉണ്ടായി. മാത്രമല്ല വിദ്യാർഥികളും യുവാക്കളും ഇവിടെ പതിവായി വന്നു പോകുന്നതും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആളുകൾ എക്സൈസ് വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥാപനം കുറച്ചുകാലമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. റെയ്ഡ് നടക്കുമ്പോഴും സ്ഥാപനത്തിലേക്ക് നിരവധി ഫോൺകോളുകൾ വന്നിരുന്നു. ഈ കോളുകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ പരിചയപ്പെട്ട് സംയുക്ത സംരംഭത്തിലേക്ക് കൊണ്ടുവന്നതാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷിനൊപ്പം യാത്ര ചെയ്യുകയും മയക്കുമരുന്ന് ശേഖരിച്ചു കൊണ്ടുവന്ന് പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു.
47,000 രൂപ വാടകയ്‌ക്ക് എടുത്ത കെട്ടിടം 1000 ചതുരശ്ര അടിയിൽ അഞ്ച് മുറികളാക്കി തിരിച്ച് ആവശ്യക്കാര്‍ക്ക് മുറി നല്‍കുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവരുടെ രീതി. പ്രാഥമിക അന്വേഷണത്തിൽ ഒരാഴ്ചയിൽ ഇവർ ഇത്തരത്തിൽ 80000 രൂപ വരുമാനം ഉണ്ടാക്കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ചും മയക്കുമരുന്നിനായി എത്തുന്നവരെക്കുറിച്ചും ഉപയോഗിക്കുന്ന വിദ്യാർഥികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫും സംഘവുമാണ് റെയ്ഡ് നടത്തിയത്.