HealthLIFE

വിഷാദരോഗികളില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുന്ന അഞ്ച് ലക്ഷണങ്ങള്‍

ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും കൃത്യമായ അവബോധമുണ്ട്. എന്നാല്‍ പലപ്പോഴും ഡിപ്രഷൻ സമയത്തിന് തിരിച്ചറിയാനും വേണ്ട പരിഹാരങ്ങള്‍ കണ്ടെത്താനും സാധിക്കാതെ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

വലിയൊരു വിഭാഗം പേരെ തന്നെ ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വിഷാദം തിരിച്ചറിയാതെ പോകുന്നവരുടെ എണ്ണവും നിരവധിയായിരിക്കും. വിഷാദമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരും ചിന്തിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. എപ്പോഴും നിരാശ- പ്രതീക്ഷയില്ലായ്മ എന്നിവയെല്ലാമായിരിക്കാം അധികപേരും ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമായിരിക്കണമെന്നില്ല വിഷാദരോഗികള്‍ കാണപ്പെടുന്നത്.

വിഷാദരോഗികളില്‍ പ്രകടമാവുകയും എന്നാല്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്ന അഞ്ച് ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

  • ദുഖമോ നിരാശയോ മാത്രമല്ല, വിഷാദത്തിന്‍റെ ലക്ഷണങ്ങളായി വരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നിങ്ങള്‍ ചിന്തിക്കാത്ത, ഊഹിക്കാത്ത ചില ലക്ഷണങ്ങളും ഇതിനുണ്ടാകാം. അത്തരത്തിലൊരു ലക്ഷണമാണ് മുൻകോപവും അസ്വസ്ഥതയും. എന്നാലീ പ്രശ്നങ്ങള്‍ വിഷാദത്തിന്‍റേതായി കരുതപ്പെടാറോ, കണക്കാക്കപ്പെടാറോ ഇല്ല. മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ ദേഷ്യം വരികയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാം.
  • ഡിപ്രഷൻ ശരീരത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അസാധാരണമായ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാം. ശരിയായി ഉറങ്ങിയാലും വിശ്രമിച്ചാലുമൊന്നും ഈ ക്ഷീണത്തിന് ആക്കം ലഭിക്കണമെന്നില്ല. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യാം.
  • വിഷാദരോഗികളില്‍ ഒളിച്ചിരിക്കുന്നതെന്ന് പറയപ്പെടാൻ സാധിക്കുന്നൊരു ലക്ഷണമാണ് ദഹനപ്രശ്നങ്ങള്‍. വയറ്റില്‍ അസ്വസ്ഥത, ദഹനക്കുറവ്, ഓക്കാനം, വയര്‍ കെട്ടിവീര്‍ക്കല്‍, വയറുവേദന എല്ലാം വിഷാദരോഗികളില്‍ നിത്യേനയെന്നോണം കാണാവുന്ന ലക്ഷണങ്ങളാണ്.
  • ഡിപ്രഷൻ എന്നാല്‍ എപ്പോഴും ദുഖമായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഒരു വികാരങ്ങളും തോന്നാത്ത മരവിച്ച അവസ്ഥയും വിഷാദത്തില്‍ ഏറെ പേര്‍ അനുഭവിക്കാറുണ്ട്. തീര്‍ത്തും ശൂന്യമായ അവസ്ഥ നേരിടുക. ഒന്നിലും താല്‍പര്യമില്ലാത്ത- ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ദുഖമോ സന്തോഷമോ ഒന്നും അനുഭവപ്പെടാത്ത അവസ്ഥ.
  • വിഷാദരോഗികള്‍ പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാൻ ബോധപൂര്‍വം ശ്രമം നടത്താം. ഇതിന്‍റെ ഭാഗമായി സന്തോഷം അഭിനയിക്കുകയും ചെയ്യാം. ഇത്തരത്തില്‍ കൃത്രിമമായി കൊണ്ടുവരുന്ന സന്തോഷമാണ് വിഷാദത്തിന്‍റെ മറ്റൊരു ലക്ഷണം. തമാശ പറയുകയും, ചിരിക്കുകയും, മറ്റുള്ളവരോട് സന്തോഷപൂര്‍വം ഇടപെടുകയും ചെയ്ത ശേഷം ഒറ്റക്കാകുമ്പോള്‍ തകര്‍ന്നുപോകാം. അസഹനീയമായ ഏകാന്തതയും ശൂന്യതയും വലയ്ക്കാം. അല്ലെങ്കില്‍ കടുത്ത ദുഖമോ കുറ്റബോദമോ എല്ലാം തോന്നാം.

വിഷാദരോഗത്തിന് കൃത്യമായ ചികിത്സയുണ്ട്. നാം നിത്യജീവിതത്തില്‍ നേരിടുന്ന ഏതൊരു ആരോഗ്യപ്രശ്നങ്ങളെയും പോലെ തന്നെയാണ് മാനസികാരോഗ്യപ്രശ്നങ്ങളും. ഇക്കാര്യത്തില്‍ മടിയോ, ദുഖമോ കരുതേണ്ടതില്ല. വിഷാദം നേരിടുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹപൂര്‍ണമായ പെരുമാറ്റവും സാമീപ്യവുമാണ്. ഇത് ചികിത്സയോടൊപ്പം തന്നെ രോഗിക്ക് വലിയ രീതിയില്‍ ഗുണകരമാകും. 

Back to top button
error: