പോരായ്മകൾ പരിഹരിച്ച് കൂടുതൽ ആധുനിക സംവിധാനങ്ങളോടെ ഒലയുടെ ഇലക്ട്രിക് കാർ 2024ൽ വിപണിയിലെത്തും. ഒല സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ ആണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഒല ഇലക്ടിക് കാറിന് ഒറ്റ ചാർജിൾ 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗർവാൾ അറിയിച്ചു.
“ഇന്ത്യ ഇവി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഇന്ത്യയ്ക്കുവേണ്ടി നിർമ്മിക്കുമ്പോൾ, അത് മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാവും.” അഗർവാൾ അവകാശപ്പെട്ട.
“സെമികണ്ടക്ടർ, സോളാർ, ഇലക്ട്രോണിക്, മറ്റ് നിർമ്മാണ വിപ്ലവങ്ങൾ നമുക്ക് നഷ്ടമായി. ഞങ്ങൾ ഇപ്പോൾ നിക്ഷേപം നടത്തിയാൽ ഇലക്ട്രിക് സെല്ലുകളുടെയും ബാറ്ററികളുടെയും വിപണിയെ നമ്മൾക്ക് നയിക്കാനാകും.” ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.
കാറിന് സമ്പൂർണമായും ഗ്ലാസ് റൂഫ് ആയിരിക്കുമെന്നും ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുകയെന്നും താക്കോലും ഹാൻഡിലും ഇതിനുണ്ടാവില്ലെന്നും ഒല സി.ഇ.ഒ വിശദീകരിച്ചു.
അത്യാധുനിക കംപ്യൂട്ടർ, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റിൽലെസ് ഡോറുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ കാറിലുണ്ടാവും. ഒലയുടെ സ്വന്തം മൂവ് ഒ.എസ് ആയിരിക്കും കാറിലുണ്ടാവുക. കാർ ഉടമകൾക്ക് നിരന്തരം ഒടിഎ അപ്ഡേറ്റുകൾ ലഭിക്കും.
50 നഗരങ്ങളിലായി 100 ഹൈപ്പർ ചാർജറുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടു കൂടിയ പുതിയ ഒല എസ്1 സ്കൂട്ടറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.