കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ സ്വപ്ന സുരേഷിന് പ്രണയലേഖനമെഴുതി വയറലായ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ പ്രവീൺ ഇറവങ്കരയുടെ ഏറ്റവും പുതിയ നോവൽ ‘ഗംഗ’യുടെ കവർ ചിത്രം സ്വാതന്ത്ര്യ ദിനപ്പുലരിയിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ സ്വപ്ന പ്രകാശിപ്പിച്ചു.
ഇനിയൊരു ജന്മമുണ്ടങ്കിൽ പരസ്പരം ഒന്നിക്കാമെന്ന് അന്ന് ഇറവങ്കരയും സ്വപ്നയും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഹൊറർ നോവലായ ‘ഗംഗ’ കോഴിക്കോട് ഹരിതം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
ഒരു പെണ്ണിന്റെ ഏഴു ജന്മങ്ങളുടെ അടങ്ങാത്ത പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ‘ഗംഗ’ പതിനാലാം നൂറ്റാണ്ടു മുതൽ 700 വർഷം നീളുന്ന ഭാരതത്തിന്റെ ചരിത്രവും പെണ്ണടയാളങ്ങളും കൂടി വരച്ചിടുന്നു.
‘ഗംഗ’ ശുദ്ധീകരണത്തിന്റെയും പാപമോചനത്തിന്റെയും സാക്ഷാൽ ‘ഗംഗാ ദേവി’യാണെന്നും സ്ത്രീ എന്ന നിലയിൽ അവളുടെ ജീവിതം പറഞ്ഞറിയിക്കാനാവാത്ത വിധം ഭയാനകമാണെന്നും 9 മാസവും 10 ദിവസവും ഗർഭ പാത്രത്തിൽ ഒരു ജീവന്റെ തീ പേറാൻ കരുത്തുളളവളാണ് പെണ്ണെന്നും നോവലിന്റ കവർ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്നക്കൊപ്പം കേരളത്തിലെ സിനിമ-സീരിയൽ-സാഹിത്യ -സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ 500ൽ അധികം പ്രമുഖർ ‘ഗംഗ’യുടെ കവർ പ്രകാശനത്തിൽ പങ്കാളികളായി.