KeralaNEWS

പാല്‍ക്കുളംമേടിനുമുകളില്‍ കാവിക്കൊടിയെന്ന് സന്ദേശം; ആള്‍ കുടുങ്ങിയെന്ന് കേട്ട് കുതിച്ചെത്തി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും; പണിപ്പെട്ട് മുകളിലെത്തിയ വനംവകുപ്പ് കണ്ടത്…

ചെറുതോണി: പാല്‍ക്കുളംമേടിനു മുകളില്‍ കാവിക്കൊടികണ്ടെന്ന സന്ദേശം പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറുകളോളം. പാല്‍ക്കുളംമേടിനു മുകളില്‍ കാവിക്കൊടി നാട്ടിയിട്ടുണ്ടെന്നും രാത്രിയില്‍ ടോര്‍ച്ചിന്റെ വെട്ടം കണ്ടെന്നും ഇന്നലെ രാവിലെ ഇടുക്കി പോലീസിനാണ് ആദ്യം സന്ദേശമെത്തിയത്.

തുടര്‍ന്ന് പോലീസ് പ്രദേശത്തെത്തിയെങ്കിലും മലമുകളില്‍ കയറി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ വിവരം വനം വകുപ്പിനെ അറിയിച്ചു. ഇതനുസരിച്ച് വനം വകുപ്പും എത്തിയെങ്കിലും മുകളില്‍ എന്താണെന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. എന്തോ കളറുള്ള സാധനം മുകളില്‍ പാറപ്പുറത്ത് കിടക്കുന്നതായി മാത്രമാണ് അവര്‍ക്കും കാണാന്‍ കഴിഞ്ഞത്.

Signature-ad

ഇതിനിടെ പാലക്കാട്ട് മലമുകളില്‍ യുവാവ് കുടുങ്ങിയതിന് സമാനമായി ആരോ മലമുകളില്‍ കുടുങ്ങിയെന്ന് പ്രദേശമാകെ പ്രചരിച്ചിരുന്നു. ഇതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പ്രദേശത്തേക്ക് കുതിച്ചെത്തി. വഴുക്കലുള്ള പാറയിലൂടെ മുകളിലെത്തുക ഏറെ വെല്ലുവിളിനിറഞ്ഞതായതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായി എല്ലാവരും.

ഒടുവില്‍ മലമുകളില്‍ കയറി പരിശോധന നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ വനപാലകര്‍ മലയില്‍ കയറാന്‍ തുടങ്ങി. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വഴുക്കലുള്ള പാറയിലൂടെ വളരെ പണിപ്പെട്ടായിരുന്നു കയറ്റം. എന്നാല്‍ മുകളിലെത്തിയ വനപാലകസംഘത്തെ കാത്തിരുന്നത് ഒരേസമയം ആശ്വാസവും നിരാശയും സമ്മാനിക്കുന്ന ഒരു പാവക്കുട്ടിയായിരുന്നു. കുട്ടികളുടെ കളിപ്പാട്ടമായ െഹെഡ്രജന്‍ ബലൂണ്‍ കുടുങ്ങിക്കിടന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ഏറെ പണിപ്പെട്ട് കയറിയതിന്റെ കിതപ്പിനിടിയിലും ആര്‍ക്കും അപകടം ഉണ്ടായില്ലല്ലോ എന്ന ആശ്വാസം മാത്രം ഉദ്യോഗസ്ഥര്‍ക്ക് ബാക്കിയായി. ആരും അപകടത്തില്‍പ്പെട്ടില്ല എന്നറിഞ്ഞതോടെ പിന്നീട് സേനകളും നാട്ടുകാരും പിരിഞ്ഞുപോകുകയും ആശങ്ക ഒഴിയുകയുമായിരുന്നു.

Back to top button
error: