ലണ്ടന്‍: അന്ധര്‍ക്കു പ്രതീക്ഷയേകുന്ന പരീക്ഷണവുമായി വിജയത്തിലേക്കടുത്ത് ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള നേത്രചികിത്സ വിജയത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിന്‍കോപിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയതായി വികസിപ്പിച്ചെടുത്ത കോര്‍ണിയ ഇംപ്ലാന്റ് ഉപയോഗിച്ച് ഭാഗികമായി കാഴ്ച ശക്തി നഷ്ടപ്പെട്ട 20 പേരിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയമായിരുന്നു. ഇതോടെയാണ് പ്രതീക്ഷകള്‍ക്ക് പ്രകാശമേറിയിരിക്കുന്നത്. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 കോടി പേര്‍ക്കാണു കാഴ്ച നഷ്ടമായിട്ടുള്ളത്. ഇവരില്‍ 1.42 ശതമാനംപേര്‍ക്കു മാത്രമാണു നേത്രപടലം ലഭിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പന്നിയുടെ ത്വക്കില്‍നിന്നു വേര്‍തിരിച്ച ഘടകങ്ങളുപയോഗിച്ചുള്ള കോര്‍ണിയ ഇംപ്ലാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫ. നീല്‍ ലഗേലി അറിയിച്ചു.