തിരുവനന്തപുരം: ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. നേരത്തെ ഒക്ടോബറില്‍ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. എന്നാല്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് സഭാ സമ്മേളനം ചേര്‍ന്ന് ബില്‍ രൂപത്തില്‍ അവ വീണ്ടും പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.
ഗവര്‍ണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തില്‍ നേരത്തെ ആക്കിയതാണെന്നുമാണ് നിയമമന്ത്രി പി രാജീവ് പറയുന്നത്. ഓര്‍ഡിനന്‍സുകളുമായി ഇനി മുന്നോട്ടില്ലെന്നും പി രാജീവ് അറിയിച്ചു.
എന്നാല്‍ പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവര്‍ണ്ണറെ അനുനയിപ്പിക്കാനാണെന്നാണ് പൊതു വിലയിരുത്തല്‍. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ അസാധുവായത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവന്‍ ഇതുവരെ അവ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരുന്നത്.
നിയമസഭ ബില്‍ പാസ്സാക്കിയാലും ഗവര്‍ണ്ണര്‍ അനുമതി നല്‍കണമെന്നുള്ളതാണ് സര്‍ക്കാരിനുമുന്നിലുള്ള ഒരു കടമ്പ. ഒപ്പം ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിര്‍പ്പാണ് സിപിഐക്കുള്ളത്. ഇത് പ്രതിപക്ഷം മുതലെടുക്കാതെ സഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതും സര്‍ക്കാരിന് തലവേദനയാകും.