CrimeNEWS

‘കൊല്ലുന്ന വണ്ടികൾ’ തല്ലിപ്പൊളിക്കും, ആദ്യം പൊളിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ‘കൊന്ന’ നിഷാമിന്റെ ആഡംബര കാർ ഹമ്മര്‍

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യം പൊളിക്കുക തൃശൂരില്‍ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ വാഹനം. പ്രതിയായ മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മറാണ് ആദ്യം പൊളിക്കുന്നത്.

നിലവില്‍ തൃശൂര്‍ പേരാമംഗലം പോലീസ് സ്‌റ്റേഷന്‍ വളപ്പിലാണ് നിഷാമിന്റെ കാര്‍ സൂക്ഷിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി വാഹന റജിസ്ട്രഷൻ (ആർ.സി) റദ്ദാക്കുന്ന ആദ്യ വാഹനമാണിത്. ആര്‍.സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഹമ്മര്‍ പൊളിക്കും.

Signature-ad

പ്രമാദമായ കണിച്ചുകുളങ്ങര കേസില്‍ ഉള്‍പ്പെട്ട ലോറിയും പൊളിക്കും. കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ് സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരത്തിലുള്ള കൊലയാളി വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ഡി.ജി.പി അനില്‍ കാന്തിന് കത്ത് ന്ല്‍കിയിട്ടുണ്ട്.

കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തെയും ഇനി പ്രതി ചേര്‍ക്കും. വാടകയ്ക്ക് എടുത്ത വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് റദ്ദാക്കാം. ഇന്‍ഷൂറന്‍സ് റദ്ദാക്കിയാല്‍ ആര്‍.സിയും റദ്ദാക്കാനാകും.

തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം വാഹനമിടിപ്പിച്ചത് 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെയാണ്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ ഇയാൾ ആക്രമിച്ചത്.

വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. കുറ്റകൃത്യങ്ങൾക്കായി വാഹനം ലഭിക്കാത്ത സ്ഥിതിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Back to top button
error: