KeralaNEWS

കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

 

ന്യൂഡൽഹി: കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഇത് അനിവാര്യമാണ്.

ഭരണഘടനയുടെ 11 ഉം 12 ഉം പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്പിച്ചു കഴിഞ്ഞ കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻനിരയിലാണ്. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി.എം എ വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർദ്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. നിർമ്മാണസാമഗ്രികളുടെ വില കുത്തനെ ഉയർന്നതും പരിഗണിക്കേണ്ട വിഷയമാണ്.

കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശിയപാത വികസനമടക്കമുള്ള നടപടികൾ സമയബധിതമായി പൂർത്തികരിക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്റെ വ്യോമ-റെയിൽ പദ്ധതികൾക്ക് ഉടനടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കണം.

590 കിലോമീറ്ററോളം നീണ്ട തീരമുള്ള കേരളത്തിൽ കനത്ത മഴ മണ്ണൊലിപ്പ് വർദ്ധിപ്പിക്കുന്നു. തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം.
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും ടിഷ്യൂ കൾച്ചർ തെങ്ങിൻ തൈകളുടെ ഉല്പാദനത്തിനും വാണിജ്യവത്കരണത്തിനും അവശ്യമായ ഗവേഷണ വികസന സാമ്പത്തിക സഹായങ്ങൾ കേന്ദ്രത്തിൽ നിന്നും ഉണ്ടാവണം. പാം ഓയിൽ ഉല്പാദനത്തിൽ മുൻനിരയിലുള്ള കേരളത്തിൽ ഒരു സംസ്‌ക്കരണ യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പാം ഓയിൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് പുതിയ സംസ്‌ക്കരണശാലകൾ തുടങ്ങുന്നതിന് പിന്തുണ നൽകണമെന്നും നിലക്കടലയുടെ ഉല്പാദനത്തിനും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡനന്തരമുള്ള സാമ്പത്തിക സാഹചര്യത്തിൽ നിന്നും സംസ്ഥാനം മുക്തി നേടാത്തതിനാൽ കേരളത്തിന്റെ വായ്പ പരിധി ഉയർത്തുന്നതിനും നടപടി ഉണ്ടാകണം.
വിദ്യാഭ്യാസത്തിലൂടെ
ജനാധിപത്യം, ഭരണഘടനമൂല്യങ്ങൾ, മതേതരത്വം, ശാസ്ത്രാവബോധം എന്നിവ ഉൾക്കൊള്ളുന്നതിന് വിദ്യാർത്ഥികൾ പ്രാപ്തരാകണം എന്നാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാട്.

ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയർന്ന പങ്കാളിത്തവും ഗുണമേന്മയും സർക്കാർ ലക്ഷ്യം വയ്ക്കുന്നു. സ്വകാര്യ വിദ്യാഭ്യാസം കൊണ്ട് എല്ലാവർക്കും സമ്പൂർണ വിദ്യാഭ്യാസം എന്ന ആശയം പ്രവർത്തികമാക്കാനാവില്ല. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ ഡിവൈഡിന്റെ അന്തരം കുറയ്ക്കുന്നതാണ് സംസ്ഥാനത്തിന്റെ കെ-ഫോൺ പദ്ധതി.
കൃഷി-മൃഗസംരക്ഷണം- മത്സ്യബന്ധനം എന്നിവയിൽ കേരളം രൂപപ്പെടുത്തിയ
സമഗ്ര മാതൃക
മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമാണന്നതും മുഖ്യമന്ത്രി കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: