പൂരിത കൊഴുപ്പ് അനാരോഗ്യകരം എന്ന ധാരണയില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒഴിവാക്കിയ ഒന്നാണ് നെയ്യ്. എന്നാല്‍ ഇപ്പോഴിത് തിരികെ വരുന്നു എന്ന നല്ല വാര്‍ത്തയാണ് കേൾക്കുന്നത്.
ബംഗാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ച്കൂടാനാകാത്ത ഒന്നാണ് നെയ്യ്. ചോറിലടക്കം ഇവര്‍ നെയ്യ് ഒഴിച്ചാണ് കഴിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ ഭക്ഷ്യ വിഭവമാണ് നെയ്യെന്ന തിരിച്ചറിവിലേക്ക് നാം വീണ്ടും എത്തിയിരിക്കുന്നു. ഇന്ത്യന്‍ ഉപദ്വീപില്‍ എല്ലാവരുടെയും ഭക്ഷ്യ വിഭവങ്ങളില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു ഒരു കാലത്ത് നെയ്യ്. എന്നാല്‍ ദശകങ്ങള്‍ക്ക് മുമ്പാണ് നെയ്യ് അനാരോഗ്യകരമായ വിഭവമാണെന്ന വിലയിരുത്തല്‍ ഉണ്ടായത്. അതോടെ നമ്മള്‍ ഈ വിഭവം അവഗണിക്കാൻ തുടങ്ങി.
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ നെയ്യുടെ ഉപഭോഗത്തില്‍ 25 മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം നെയ്യ്ക്ക് ഏറെ വിശിഷ്ടമായ സ്ഥാനമാണുള്ളത്. പൂജകളിലും മറ്റും ധാരാളമായി നെയ്യ് നാം ഉപയോഗിക്കാറുണ്ട്. ആയൂര്‍വേദത്തില്‍ നെയ്യ് സര്‍വരോഗ സംഹാരിണിയായി കരുതുന്നു.
കുഞ്ഞുങ്ങളുടെ എല്ലിനും തലച്ചോറിനും എല്ലാം പോഷകങ്ങളും പ്രദാനം ചെയ്യാന്‍ നെയ്യ്ക്ക് ശേഷിയുണ്ട്. നെയ്യില്‍ നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പണ്ട് മുതല്‍ തന്നെ അമ്മമാരും മുത്തശിമാരും കുഞ്ഞുങ്ങള്‍ക്ക് നെയ്യ് ധാരാളമായി നല്‍കിയിരുന്നു.
നമ്മുടെ വിപണിയില്‍ സസ്യഎണ്ണകള്‍ ധാരാളമായി എത്തിയതോടെയാണ് നെയ്യ് പിന്നാക്കം പോയത്. 80കള്‍ മുതലാണിത്. സസ്യ എണ്ണകളുടെ വിപണനത്തിന് വേണ്ടി പറഞ്ഞ് പരത്തിയ നുണകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. നഗരവത്കൃത -പാശ്ചാത്യവത്കൃത പുത്തന്‍ കൂറ്റുകാര്‍ നെയ്യ് ഉപേക്ഷിച്ച് സസ്യഎണ്ണകളെ അടുക്കളയിലേക്ക് വിളിച്ച് കയറ്റി.
ഏതായാലും അങ്ങനെ അകറ്റി നിര്‍ത്തേണ്ട ഒന്നല്ല നെയ്യെന്ന് നാം തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ നമ്മുടെ ആരോഗ്യമേഖലയിലും അത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തീർച്ച.