ന്യൂഡല്‍ഹി: ‘കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്'(സിഎസ്ഐആര്‍) മേധാവിയായി സീനിയര്‍ സയന്റിസ്റ്റ് ഡോ. നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അവര്‍. രാജ്യത്തെ ശാസ്ത്രഗവേഷണത്തേയും വ്യവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയാണ് സിഎസ്ഐആര്‍. 38 ദേശീയ ലബോറട്ടറികള്‍ സിഎസ്ഐആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3500ഓളം ശാസ്ത്രജ്ഞരും 4350 അനുബന്ധ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും ഈ ദേശീയ ലാബോറട്ടറികളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയാണ് കലൈശെല്‍വി. നിലവില്‍ കാരക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും കലൈശെല്‍വിയായിരുന്നു.
ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ വിരമിച്ച ശേഖര്‍ മണ്ടേയുടെ പിന്‍ഗാമിയായാണ് കലൈശെല്‍വി അധികാരമേറ്റത്. ശേഖര്‍ മണ്ടേയുടെ വിരമിക്കലിന് ശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്കായിരുന്നു സിഎസ്‌ഐആറിന്റെ അധിക ചുമതല ഉണ്ടായിരുന്നത്.